മുംബൈ: മിനി നിയമസഭാ തിരഞ്ഞെടുപ്പെന്ന് അറിയപ്പെടുന്ന മാഹാരാഷ്ട്രയിലെ പത്ത് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. ബ്രിഹാൻ മുംബൈ, പൂനെ, പിംപ്രി ചിഞ്ച്‌വാർഡ് , നാഗ്പൂർ, നാസിക്, ഉൽഹാസ് നഗർ, താനെ, സോലാപൂർ, അകോള, അമരാവതി എന്നീ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനെന്ന ഖ്യാതിയുള്ള ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് 227 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 2,275 പേരാണ് മത്സര രംഗത്തുള്ളത്. ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും വേറിട്ട് മത്സരിക്കുന്ന ശിവസേനയുടെ ശക്തിയാണ് ഇത്തവണ മുംബൈ തിരഞ്ഞെടുപ്പിൽ വ്യക്തമാവുക. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നാം കക്ഷിയായിരുന്ന ശിവസേന ഒറ്റയ്‌ക്ക് മത്സരിച്ചപ്പോൾ പഴയ പ്രതാപം അവർക്ക് നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ തങ്ങളുടെ ആധിപത്യം ഇക്കുറി തെളിയിക്കുമെന്നാണ് ശിവസേനയുടെ പക്ഷം.

37000 കോടി വാർഷിക ബജറ്റുള്ള ബ്രിഹാൻ മുംബൈ കോർപ്പറേഷൻ ലോകത്തെ തന്നെ ധനിക കോർപ്പറേഷനിൽ ഒന്നാണ്. ലോകത്തെ വലിയ കോർപ്പറേഷനുകളിലും ബിഎംസിക്ക് സ്ഥാനമുണ്ട്. ഇവിടെയും മറ്റ് പത്ത് കോർപ്പറേഷനുകളിലുമായി 1.95 കോടി വോട്ടർമാരാണുള്ളത്. 7297 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, മഹാരാഷ്ട്ര നവനിർമ്മാൺ സേന, സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി എന്നിവരാണ് മത്സര രംഗത്തുള്ള മറ്റ് പ്രധാന രാഷ്ട്രീയ കക്ഷികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ