മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് പോലും ലഭിച്ചില്ലെന്ന പരാതി കളവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നതായ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ശ്രീകാന്ത് ഗൻപത് ഷിർസതിന്റെ പരാതി തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

സ്വന്തം വാർഡിൽ നിന്ന് ഒറ്റ വോട്ട് പോലും തനിക്ക് ലഭിച്ചില്ലെന്നായിരുന്നു 34 കാരനായ ഇദ്ദേഹത്തിന്റെ ആക്ഷേപം. ഷിർസതിന്റെ ആരോപണങ്ങൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനുള്ള തെളിവായി ഉയർത്തിക്കാട്ടിയിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നടനന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിന്റെ ഉദാഹരണമായി രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി നിയമസഭയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉപയോഗിച്ച് കൃത്രിമം നടത്തുന്നതെങ്ങിനെയെന്ന് ആംആദ്‌മി പാർട്ടി അംഗം സൗരഭ് ഭരദ്വാജ് കഴിഞ്ഞ ദിവസം കാണിച്ചിരുന്നു.

എന്നാൽ ഷിർസതിന്റെ ആരോപണങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ 164ാം നമ്പർ വാർഡിൽ നിന്ന് 44 വോട്ടുകൾ ഷിർസതിന് ലഭിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ 29ാം നമ്പർ ബൂത്തിൽ 11 വോട്ടുകളും 15ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുകളും രേഖപ്പെടുത്തിയെന്നാണ് മാഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.

“ബൂത്ത് നമ്പർ 29 ന് സമീപത്താണ് ഇദ്ദേഹത്തിന്റെ വീട്. ഇവിടെ തന്നെയാകും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരിക്കുക എന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെയും, വീട്ടുകാരുടെയും, അയൽവാസികളുടെയും വോട്ട് ലഭിച്ചില്ലെന്ന ആരോപണം തെറ്റാണ്.” ഉദ്യോഗസ്ഥർ വ്യക്തമാക്കി.

“തനിക്ക് സ്വന്തം ബൂത്തിൽ പോലും വോട്ട് ലഭിച്ചില്ലെന്ന ആരോപണം ഇദ്ദേഹം മാധ്യമങ്ങളോട് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.” ഇദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ഷിർസതിനെ ബന്ധപ്പെട്ടപ്പോൾ, “പ്രതികരിക്കാൻ താത്പര്യമില്ലെന്ന്”​ അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിനോട് വ്യക്തമാക്കി.

ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ 29ാം ബൂത്തിലാണ് ഷിർസതിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും വോട്ടുണ്ടായിരുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. അദ്ദേഹത്തിെന്റെ സഹോദരനും സഹോദരിക്കുമൊപ്പം ബൂത്ത് നമ്പർ 15 ലും ഇദ്ദേഹത്തിന് വോട്ടുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 27 ന് മുംബൈ മിറർ എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഷിർസാത് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. “കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എനിക്ക് 1500 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 44 ആയി കുറഞ്ഞു. എന്റെ ബൂത്തിൽ പോലും എനിക്ക് വോട്ടില്ല. ഞാൻ എനിക്ക് വേണ്ടി വോട്ട് ചെയ്തു. എന്റെ വീട്ടുകാർ എനിക്ക് വേണ്ടി വോട്ട് ചെയ്തു. എന്റെ അയൽക്കാർ എനിക്ക് വേണ്ടി വോട്ട് ചെയ്തു. ഈ വോട്ടുകളെല്ലാം എവിടെ പോയി?” എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഒരു വ്യക്തിക്ക് രണ്ട് ബൂത്തുകളിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകരുതെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ 17,18 വകുപ്പുകൾ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook