/indian-express-malayalam/media/media_files/uploads/2020/12/Ayodhya-Masjid.jpg)
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്‌ജിദിന്റെ രൂപരേഖ പുറത്തിറക്കി. ഇന്ത്യ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ആണ് രൂപരേഖ പുറത്തിറക്കിയത്. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോർഡാണ് ട്രസ്റ്റ് രൂപീകരിച്ചത്. നിർമാണങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടും. ജാമിയ മില്ലിയ സ്‌കൂൾ ഓഫ് ആർകിടെക്‌ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്.
അയോധ്യയിൽ ഉയരാൻ പോകുന്ന മസ്‌ജിദ് ലോകശ്രദ്ധ നേടും തരത്തിലാണ് രൂപരേഖ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അയോധ്യയിൽ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് ബഹുനില മസ്‌ജിദ് പണികഴിപ്പിക്കുന്നത്.
രൂപരേഖയ്‌ക്ക് അനുമതി ലഭിച്ചാൽ ജനുവരി 26 ന് തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. രൂപരേഖയ്‌ക്ക് ഇപ്പോൾ അനുമതി ലഭിച്ചില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലേ ആരംഭിക്കൂ.
Read Also: ഷിഗല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
നാല് നില കെട്ടിടമാണ് അയോധ്യയിൽ നിർമിക്കുന്നത്. 200 പേരെ കിടത്തി ചികിത്സിക്കാവുന്ന തരത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സഹിതമാണിത്. എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. രണ്ട് നില മസ്‌ജിദ് ആയിരിക്കും. വെെദ്യുതി കണക്ഷൻ ഉണ്ടാകില്ല. പൂർണമായും സോളാർ പാനലായിരിക്കും ഉപയോഗിക്കുക.
പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുൾപ്പെടെ, സമീപ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉൾപ്പെടുന്നതാണ് ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന ബഹുനില മസ്‌ജിദ് കെട്ടിടം.
ആശുപത്രി നിർമിക്കാൻ മാത്രം 100 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ രൂപീകരിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.