ന്യൂഡൽഹി: പശ്​ചിമ ബംഗാളിൽ 10-ാം ക്ലാസുകാരൻ ബ്ലുവെയ്​ൽ ​ഗെയിം കളിച്ച്​ ആത്​മഹത്യ ചെയ്​തു. അതേസമയം ഡെറാഡൂണിൽ ഗെയിം കളിച്ച്​ ആത്​മഹത്യാ വക്കിൽ നിൽക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരു​ടെ ഇടപെടൽ മരണത്തിൽ നിന്ന്​ രക്ഷപ്പെടുത്തി.

കളിയുടെ അന്‍പതാം ദിവസത്തെ നിബന്ധന പ്രകാരമാണ് കുട്ടി സ്വയം ജീവനൊടുക്കിയത്. ശനിയാഴ്ച സ്​കൂളില്‍ നിന്ന്​ തിരിച്ചു വന്ന ശേഷം കുളിമുറിയില്‍ കയറിയ അങ്കന്‍ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച്‌​ അകത്തു കടന്നപ്പോള്‍ കുട്ടി മരിച്ചനിലയിലായിരുന്നു. പ്ലാസ്​റ്റിക്​ സഞ്ചി കൊണ്ട്​ തലപൊതിഞ്ഞ്​ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. വീണുകിടന്ന അങ്കനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അങ്കന്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി.

അതേസമയം, ഡെറാഡൂണിൽ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകർ മരണത്തിൽ നിന്ന്​ രക്ഷപ്പെടുത്തി. എല്ലാ പ്രവർത്തികളിലും സജീവമായി പ​ങ്കെടുത്തിരുന്ന കുട്ടി കളി സമയത്ത്​ മറ്റു കൂട്ടുകാരോടൊപ്പം ചേരാതെ തനിച്ച്​ വിഷാദമൂകനായി ഇരിക്കുന്നത്​ കണ്ട അധ്യാപകൻ കാരണമന്വേഷിച്ചപ്പോഴാണ്​ ബ്ലൂവെയ്​ൽ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്​. സുഹൃത്തുക്കളാണ്​ ഗെയിമിനെ കുറിച്ച്​ പറഞ്ഞ​തെന്നും കുട്ടി അധ്യാപകരോട്​ അറിയിച്ചു. കുട്ടി വിഷാദത്തിലാണെന്നത്​ അമ്മ ശ്രദ്ധിച്ചിരുന്നെങ്കിലും ഗെയിം കളിക്കുന്നത്​ അവഗണിക്കുകയായിരുന്നു. കുട്ടിക്കും രക്ഷിതാക്കൾക്കും സ്​കൂളിൽ നിന്ന്​ കൗൺസിലിങ്ങ്​ നൽകി.

മുംബൈ അന്ധേരിയില്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഇതേ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ഇടപെടല്‍ കൊണ്ട് രണ്ട് പേരെ കഷ്ടിച്ച് രക്ഷപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാളുടെ നിര്‍ദേശപ്രകാരം കളിയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയ ശേഷം അന്‍പതാം ദിവസമാണ് ആത്മഹത്യക്കുള്ള നിര്‍ദേശമെത്തുന്നത്. ലോകത്താകെ നൂറിലധികം മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ