കുപ്രസിദ്ധിയാര്‍ജിച്ച ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂ വെയില് ഇന്ത്യയില്‍ മൂന്ന് കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. രണ്ട് പേര് ആത്മഹത്യയുടെ വക്കില്‍ നിന്നും മറ്റുളളവരുടെ ഇടപെടലില്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍ റഷ്യയിലും കസാക്കിസ്ഥാനിലും കിര്‍ഗിസ്ഥാനിലും ഈ ഗെയിം ജീവനെടുത്തത് 130ന് മുകളില്‍ കൗമാരക്കാരുടെ ജീവനുകളാണ്. അമ്പതാം സ്റ്റേജില്‍ കളിക്കുന്നയാളുടെ ജീവന് ത്യജിക്കാന്‍ ആവശ്യപ്പെടുന്ന ഈ ഗെയിമിന്റെ ഉത്ഭവം റഷ്യയിലാണെന്നാണ് നിഗമനം.
ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും പിൻവലിക്കാൻ ഗൂഗിൾ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റഗ്രാം, യാഹൂ എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. “ബ്ലൂവെയ്ൽ ചാലഞ്ചസ് മൂലം കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലൂ വെയ്ൽ ഗെയിമോ, ഇതിന് സമാനമായ ഗെയിമോ സംബന്ധിച്ച എല്ലാ ലിങ്കുകളും ഉടനടി പിൻവലിക്കണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു”, വിവര സാങ്കേതിക വിദ്യ മന്ത്രാലയം ആഗസ്ത് 11 ന് പുറപ്പെടുവിച്ച ഉത്തരവിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ കെണിയില്‍ കൗമാരക്കാര്‍ അകപ്പെട്ടെന്ന് സംശയിക്കുന്ന അഞ്ച് കേസുകള്‍ പരിശോധിക്കാം.
തിരുവനന്തപുരത്ത് ജൂലൈ 26ന് ആത്മഹത്യ ചെയ്ത മനോജ് സി എന്ന പതിനാറുകാരന്റെ ജീവനെടുത്തത് ഈ ഗെയിമാണെന്ന് മാതാവ് പറയുന്നു. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മനോജിനെ കണ്ടെത്തിയത്. പ്രണയനൈരാശ്യവും വീട്ടുകാര്‍ വഴക്കു പറഞ്ഞതിലുളള മനോവിഷമവും കാരണമാണ് മനോജ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ ആദ്യം പൊലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് ബ്ലൂ വെയില് ആത്മഹത്യാ സംശയം വീട്ടുകാര്‍ പൊലീസിനോട് ഉന്നയിച്ചത്. കുട്ടിയുടെ ഫെയ്സ്ബുക്കില്‍ ബ്ലൂവെയില്‍ ലിങ്കുകളും ചിത്രങ്ങളും കണ്ടതാണ് വീട്ടുകാരില്‍ സംശയം ഉണ്ടാക്കിയത്. എന്നാല്‍ ഉത്തരമേഖലാ ഐജി മനോജ് എബ്രഹാം ഇത് നിഷേധിച്ചു. ശരീരത്തില്‍ മുറിവുണ്ടാക്കാണ് ഗെയിമിന്റെ ആദ്യ തലങ്ങളില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇപ്രകാരം ഒന്നും തന്നെ കണ്ടാത്താനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുംബൈയില്‍ ജൂലൈ 26ന് 14കാരന് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതും ബ്ലൂ വെയില് ആത്മഹത്യയാണെന്ന സംശയം ഉയര്‍ന്നു. അന്ധേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മന്‍പ്രീത് ആയിരുന്നു ആത്മഹത്യ ചെയ്തത്. കുട്ടി ബ്ലൂ വെയില് ഗെയിം കളിച്ചിരുന്നതായി അടുത്ത ബന്ധുക്കളും സമീപവാസികളും പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം വീണപ്പോഴുണ്ടായ പരുക്കിനെ തുടര്‍ന്നാണ് 14കാരന് മരിച്ചത്.
പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപൂരില്‍ നിന്നുളള 15കാരന്റെ ആത്മഹത്യയും ബ്ലൂ വെയില് മരണമാണെന്നായിരുന്നു സംശയം ഉയര്‍ന്നത്. ഓഗസ്റ്റ് 12ന് വീട്ടിലെ കുളിമുറിയിലാണ് ആങ്കന്‍ ദേ ആത്മഹത്യ ചെയ്തത്. അന്വേഷണത്തില്‍ ആങ്കന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരുന്നതായി വ്യക്തമായി.
മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട 14കാരനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഗെയിമിലെ വെല്ലുവിളി സ്വീകരിച്ചാണ് കുട്ടി പൂനെയിലേക്ക് യാത്ര തിരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. രക്ഷപ്പെടുത്തുന്നതിനിടെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു കൗമാരക്കാരന്. ബസില്‍ യാത്ര ചെയ്യവെയാണ് പൊലീസ് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഓഗസ്റ്റ് 10ന് ഒരു ആത്മഹത്യാശ്രമം അരങ്ങേറി. സ്കൂളിലെ മൂന്നാം നിലയില്‍ നിന്നും ചാടി മരിക്കാന്‍ ശ്രമിച്ച 13കാരനെ കൂട്ടുകാരാണ് രക്ഷിച്ചത്. രാദേന്ദ്ര നഗറിലെ ചമലി ദേവി പബ്ലിക് സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗെയിമിന്റെ അമ്പതാം ഘട്ടത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.