ജോധ്പൂർ: ബ്ളൂ വെയിൽ ഗെയിം കളിച്ച പെൺകുട്ടി തടാകത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ പതിനേഴുകാരിയാണ് ഇന്നലെ അർദ്ധരാത്രിയോടെ തടാകത്തിൽ ചാടിയത്. പൊലീസിന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിനെ തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയുടെ ഇടത് കൈയിൽ കത്തി കൊണ്ട് തിമിംഗലത്തിന്റെ ചിത്രം വരച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
രാത്രി വൈകി ഒരു പെണ്‍കുട്ടി സ്കൂട്ടറില്‍ തടാകത്തിനടുത്ത് ചുറ്റിത്തിരിയുന്നത് കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതോടെ ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് പെണ്‍കുട്ടി തടാകത്തിനടുത്ത് ചുറ്റിത്തിരിയുന്നത് നാട്ടുകാര്‍ കണ്ടത്.
ഇതോടെ പാറക്കെട്ടിന് മുകളില്‍നിന്ന് തടാകത്തിലേക്ക് ചാടിയ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. മുങ്ങല്‍ വിദഗ്ധരുമായി സ്ഥലത്തെത്തിയ പോലീസ് ഉടന്‍ പെണ്‍കുട്ടിയെ രക്ഷപെടുത്തി. ചോദ്യം ചെയ്തപ്പോൾ ‘എനിക്ക് വെല്ലുവിളിയുടെ അവസാന ടാസ്ക് പൂർത്തിയാക്കണം’ എന്ന് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.