ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബ്ലൂവെയിൽ ചലഞ്ച് എന്ന കുപ്രസിദ്ധ ഓണ്‍ലൈൻ ഗെയിംമിന് അടിമയായിരുന്ന വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്കൂൾ വിദ്യാർഥിയായ 13 വയസുകാരനാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. എന്നാൽ മറ്റു കുട്ടികൾ ഉടൻതന്നെ പിടിച്ചു മാറ്റുകയായിരുന്നു.

പിതാവിന്‍റെ ഫോണിൽ ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി പോലീസ് ചോദ്യം ചെയ്യലിൽ കുട്ടി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയിലെ അന്ധേരിയിൽ ബ്ലൂവെയിൽ ഗെയിം കളിച്ച് 14 വയസുകാരി ഏഴുനില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയിരുന്നു. ഓണ്‍ലൈൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ബ്ലൂവെയിൽ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിർബന്ധിപ്പിക്കുന്നതാണ്.

അന്‍പത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളില്‍ കയ്യില്‍ മുറിവേല്‍പ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നു. ആദ്യ ഭാഗങ്ങളില്‍ പ്രത്യേകം പ്രേത സിനിമകള്‍ കാണാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഘട്ടത്തിലും ചെയ്യുന്നതിന് തെളിവുകളും സമര്‍പ്പിക്കണം. കയ്യില്‍ മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തില്‍ മുറിവേല്‍പ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ കാണാം. കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഇതിനെതിരെ രാജ്യാന്തതലത്തില്‍ വ്യാപക പരാതികള്‍ വരുന്നുണ്ട്.

അതേസമയം, ഈ ഗെയിം ഒരു തവണ ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചാല്‍ പിന്നീട് പിന്തിരിയാല്‍ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിര്‍മാതാക്കള്‍ ചോര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരിക്കല്‍ പിന്തിരിയാന്‍ തുനിഞ്ഞാല്‍ രഹസ്യമായ വ്യക്തിവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴങ്ങും. ഇതോടെ ഗെയിമില്‍ തുടരാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യും. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ അവരെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്യും. അതുകൊണ്ട് തന്നെ തമാശക്കോ കൗതുകത്തിനോ പോലും ബ്ലൂ വെയില്‍ ഗെയിം നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് ആഗോളതലത്തില്‍ സാങ്കേതിക, ക്രമസമാധാന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ