ലക്‌നൗ: ബ്ലൂവെയ്ൽ ഗെയിമിന് അടിപ്പെട്ട് ആറാം ക്ലാസുകാരൻ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം. പാർഥ് സിങ് എന്ന 13കാരനാണ് ജീവനൊടുക്കിയതെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കുട്ടി ബ്ലൂവെയ്ൽ കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് കുട്ടിയെ ശാസിക്കുക‍യും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു’

‘എന്നാൽ പിന്നീട് പിതാവ് സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ മൊബൈലിൽ നിന്ന് പാർഥ് ഗെയിം കളിക്കുന്നത് പതിവാക്കി. ഇതിനിടെ ഞായറാഴ്ച, കുട്ടി മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടർന്ന്, പിതാവ് വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്’

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗവും ഫോൺ പരിശോധിച്ചു വരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും പിൻവലിക്കാൻ ഗൂഗിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റഗ്രാം, യാഹൂ എന്നിവയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിലും വിദേശത്തും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ