എ, ബി, ആർഎച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർ കോവിഡ് -19 അണുബാധയ്ക്ക് കൂടുതൽ വിധേയരാവുന്നുവെന്നും എന്നാൽ ഒ, എബി, ആർഎച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിൽ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനം. ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ഫലം ലഭിച്ചത്.
2020 ഏപ്രിൽ 8 മുതൽ 2020 ഒക്ടോബർ 4 വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2,586 കോവിഡ്-19 പോസിറ്റീവ് രോഗികളിലാണ് പഠനം നടത്തിയത്. നവംബർ 21 ലെ ഫ്രണ്ടിയേഴ്സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജിയുടെ പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (സാർസ് കോവി2) ഒരു പുതിയ വൈറസാണ്. കൂടാതെ രക്തഗ്രൂപ്പുകൾക്ക് കോവിഡ് -19 അപകടസാധ്യതയിലോ പുരോഗതിയിലോ എന്തെങ്കിലും സ്വാധീനമുണ്ടോ എന്ന് വ്യക്തമല്ല. അതിനാൽ, ഈ പഠനത്തിൽ എ,ബി,ഒ, ആർഎച്ച് രക്തഗ്രൂപ്പുകൾക്ക് കോവിഡ്-19 രോഗബാധ, രോഗനിർണയം, വീണ്ടെടുക്കൽ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു, ”ഗവേഷണ വകുപ്പിലെ കൺസൾട്ടന്റ് ഡോ രശ്മി റാണ പറഞ്ഞു.
എ, ബി, ഒ, എബി രക്തഗ്രൂപ്പുകളുടെ ജനസംഖ്യയിലെ അളവ് യഥാക്രമം 29.93 ശതമാനം, 41.8 ശതമാനം, 21.19ശതമാനം , 7.89 ശതമാനം എന്നിങ്ങനെ ആണ്. എന്നാൽ പഠനത്തിനായി തിരഞ്ഞെടുത്ത 79,325 പേരുടെ ഗ്രൂപ്പിൽ അവയുടെ അളവ് യഥാക്രമം 21.86 ശതമാനം, 38.49 ശതമാനം, 29.37 ശതമാനം, 10.28ശതമാനം എന്നിങ്ങനെ ആയിരുന്നു. രോഗികളിൽ 98.07ശതമാനം പേർ ആർഎച്ച് പോസിറ്റീവ് ആയിരുന്നു.
“ബി രക്തഗ്രൂപ്പുള്ള പുരുഷന്മാർക്ക് അതേ രക്തഗ്രൂപ്പിലുള്ള സ്ത്രീകളേക്കാൾ കോവിഡ്-19 വരാനുള്ള സാധ്യത കൂടുതലാണെന്നും എബി രക്തഗ്രൂപ്പുകളിൽ 60 വയസ്സോ അതിൽ കുറവോ ഉള്ള രോഗികളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഞങ്ങൾ കണ്ടെത്തി,”പഠനത്തിലെ സഹ രചയിതാവായ ഡോ വിവേക് രഞ്ജൻ പറഞ്ഞു.
എന്നിരുന്നാലും, രക്തഗ്രൂപ്പുകളും രോഗത്തിൻറെ തീവ്രതയും മരണനിരക്കും തമ്മിൽ യാതൊരു ബന്ധവും അവർ കണ്ടെത്തിയിട്ടില്ലെന്ന് റിസർച്ച് പേപ്പർ പറയുന്നു. എ, ആർഎച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകൾ വീണ്ടെടുക്കൽ കാലയളവിലെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ഒ, ആർഎച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകൾ വീണ്ടെടുക്കലിന്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
” … എ,ബി,ഒ കൂടാതെ ആർഎച്ച് രക്തഗ്രൂപ്പുകൾ ഈ ബന്ധത്തിന് ഉത്തരവാദികളായിരിക്കില്ല, കാരണം ഇവ പരിോധിക്കപ്പെടാത്ത അടിസ്ഥാന ഘടകത്തെ സൂചിപ്പിക്കാം. അതിനാൽ, രക്തഗ്രൂപ്പുകളും സാർസ് കോവി 2 വൈറസും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് വലുതും പല കേന്ദ്രങ്ങളിൽ നടത്തുന്നതുമായ പഠനങ്ങൾ ആവശ്യമാണ്,” എന്നും പഠനത്തിൽ പറയുന്നു.
Also Read: ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ