ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാഴ്ച്ചാപരിമിതിയുളള 17കാരി പീഡനത്തിനിരയായി. വാടകവീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി ബുധനാഴ്ച്ചയാണ് പീഡനത്തിനിരയായത്. എന്നാല്‍ വെളളിയാഴ്ച്ച മോഹന്‍ നഗറിലെ ഒരു ക്ഷേത്രത്തിനടുത്ത് നിലവിളിച്ച് നടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ച് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തു പറഞ്ഞത്. പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ദയോരിയ ജില്ല സ്വദേശിനിയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. 10 വര്‍ഷം മുമ്പ് പിതാവിനെ നഷ്ടമായ പെണ്‍കുട്ടി ലാജ്പത് നഗര്‍ കോളനിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാവും മരണപ്പെട്ടിരുന്നു. ജനിച്ചപ്പോള്‍ കാഴ്ച്ചാശക്തിയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് തെറ്റായ ചികിത്സ കാരണമാണ് കാഴ്ച്ച നഷ്ടമായതെന്നാണ് വിവരം. നേരത്തേ മുംബൈയില്‍ താമസിച്ചിരുന്ന കുട്ടി പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പിതാവ് മരണപ്പെട്ടതോടെ ഉത്തര്പ്രദേശിലെത്തുകയായിരുന്നു. ബുധനാഴ്ച്ച രാത്രി മോട്ടോര്‍സൈക്കിളിലെത്തിയ ഒരാള്‍ തന്നെ രണ്ട് വട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് പുറത്തു നിന്ന് വാതില്‍ പൂട്ടിയ അക്രമി പുറത്തേക്ക് പോയി. ബോധം വീണപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് വീട്ടുടമയെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസില്‍ അറിയിക്കാനും വീട് വിട്ട് പോവാനുമാണ് ഉടമ പറഞ്ഞത്. തുടര്‍ന്ന് കിടപ്പാടം നഷ്ടമായ പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടി. വെളളിയാഴ്ച്ച വരെ ആരും സഹായിക്കാന്‍ എത്തിയില്ല. വെളളിയാഴ്ച്ച രാത്രി ഒരു ചായ വില്‍പ്പനക്കാരനാണ് കരഞ്ഞുകൊണ്ടു നിന്ന പെണ്‍കുട്ടിക്ക് പൊലീസിന്റെ സഹായം ലഭ്യമാക്കിയത്. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.