ജമ്മു: ജമ്മുവിലെ ബസ് സ്റ്റാൻഡിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകൻ അറസ്റ്റിൽ. ഖാൻപൂര സ്വദേശി യാസിർ ജാവേദ് ഭട്ടാണ് അറസ്റ്റിലായത്. കാശ്മീരിലേയ്ക്ക് കടക്കുന്നതിനിടയിലാണ് ബാൻ ടോൾ പ്ലാസയിൽ വെച്ച് ജമ്മു കശ്മീർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐജി എം കെ സിൻഹ അറിയിച്ചു.

കുൽഗാം ജില്ലയിലെ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ഫാറൂഖ് അഹമ്മദ് ആലിയാസ് ഉമറിന്റെ നിർദേശാനുസരണമാണ് ഗ്രനേഡ് സ്ഫോടനം നടത്തിയതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഒരു ഭീകര സംഘടന ജമ്മു ബസ് സ്റ്റാൻഡിൽ നടത്തുന്ന മൂന്നാമത്തെ ഗ്രനേഡ് സ്ഫോടനമാണിത്.

അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാൾ മരിച്ചതായും പൊലീസ് അറിയിച്ചു. 32 ഓളം ആളുകൾക്കാണ് സ്ഫോടനത്തിൽ ആകെ പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജമ്മു ഐജി എം.കെ.സിന്‍ഹ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സഞ്ചരിച്ചുകൊണ്ടിരുന്ന ബസില്‍ നിന്ന് സ്റ്റാന്‍ഡിനുള്ളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നെന്ന് ഐ.ജി എം.കെ.സിന്‍ഹ സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് സ്റ്റാന്‍ഡിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ഗ്രനേഡ് വീണത്. ഗ്രനേഡ് വീഴുന്ന സമയത്ത് സ്റ്റാന്‍ഡില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പൊലീസ് സേന വിന്യസിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ ജമ്മുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കുള്ള മാര്‍ക്കറ്റിന് സമീപമാണ് ബസ് സ്റ്റാന്‍ഡ്. മാര്‍ക്കറ്റ് ലക്ഷ്യംവച്ച് കഴിഞ്ഞ കാലങ്ങളില്‍ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook