ഭറൂച്ച്: ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. അൻപതോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിൽ യശശ്വി രസായൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാസവസ്തു നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലും മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സ്ഫോടനം. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാ സേനാ സംഘങ്ങൾ ശ്രമം തുടരുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് ഗ്രാമങ്ങളിൽ താമസിക്കുന്ന 4,800 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ദഹേജിലെ ലഖി ഗ്രാമത്തിലുള്ള ഫാക്ടറിയിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലിക്കെത്തിയിരുന്നതായി ഭറൂച്ച് ജില്ലാ ദുരന്ത നിവാരണ അധികൃതർ പറഞ്ഞു. രണ്ട് സംഭരണികളിലായി സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തനം നടന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

20 തരം രാസവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം അകല ശബ്ദം കേൾക്കുന്നത്രയും തീവ്രതയുള്ള സ്പോടനമാണുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടനം നടന്നയുടൻ തൊഴിലാളികളിൽ ചിലർ ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങി മാനേജർമാരെയും ഉടമകളെയും വിവരമറിയിച്ചു. ഭറൂച്ച് ജില്ലാ കലക്ടർ എംഡി മോഡിയയും ദുരന്ത നിവാരണ സംഘവും അഗ്നിശമന സേനാംഗങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനം നടന്നതെങ്ങനെയെന്ന് കണ്ടെത്താൻ  വിദഗ്‌ധ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന്  കലക്ടർ  പറഞ്ഞു. “അഗ്നിരക്ഷാ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. അൻപതോളം തൊഴിലാളികൾക്കു പരുക്കേറ്റു. ഇവർ ഭറൂച്ച് സിവിൽ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. പ്രദേശത്ത് മറ്റ് ചില രാസവസ്തു ഫാക്ടറികൾ കൂടി ഉള്ളതിനാൽ മുൻകരുതൽ നടപടിയായി ഞങ്ങൾ 3000 ഗ്രാമീണരെ ലഖി ഗ്രാമത്തിൽനിന്നും 1800 പേരെ ലുവാര ഗ്രാമത്തിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. തീ നിയന്ത്രണവിധേയമാക്കി കഴിഞ്ഞാൽ അവരെ തിരികെയെത്തിക്കും,” കലക്ടർ പറഞ്ഞു.

ഫാക്ടറി വളപ്പിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിഞ്ഞെന്നും അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമം തുടരുന്നതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ലെന്നും ഭറൂച്ച് ജില്ലാ പൊലീസ് മേധാവി രാജേന്ദ്രസിങ് ചുദാസ്മ പറഞ്ഞു. തീ നിയന്ത്രണ വിധേയമായാൽ കൃത്യമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാക്ടറി പരിസരത്തിനു സമീപം നിലയുറപ്പിച്ച പൊലീസ് സംഘം പ്രദേശവാസികളിൽനിന്ന് വിവരം തേടുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Read More: At least 5 dead, 50 injured in blast at chemical factory in Gujarat’s Dahej

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook