ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ എസി കോച്ചുകളിലെ യാത്രക്കാർക്കുളള പുതപ്പുകൾ ഇനി മാസത്തിൽ രണ്ട് തവണ അലക്കി വൃത്തിയാക്കും. ഇപ്പോൾ രണ്ട് മാസത്തിലൊരിക്കലാണ് പുതപ്പുകൾ അലക്കാറുളളത്. എളുപ്പത്തിൽ അലക്കാൻ സാധിക്കുന്ന തരം തുണി പുതപ്പായി ഉപയോഗിക്കാനും തീരുമാനമായി.

ഇപ്പോൾ നാല് വർഷം ഉപയോഗിക്കുന്ന പുതപ്പുകൾ ഇനി രണ്ട് വർഷം മാത്രമേ ഉപയോഗിക്കൂ. വൂളൻ, നൈലോൺ എന്നിവ ഉപയോഗിച്ചുളള പുതപ്പുകളാവും ഇനി ഉപയോഗിക്കുകയെന്നും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ 400 രൂപ വില വരുന്ന പുതപ്പുകളാണ് എസി കോച്ച് യാത്രികർക്കായി വാങ്ങിയിരുന്നത്. പുതിയ തുണിത്തരം ഉപയോഗിക്കാൻ തീരുമാനിച്ചതോടെ പുതപ്പിന്റെ വില വർദ്ധിക്കുമെന്നാണ് കരുതുന്നത്.

പ്രതിദിനം ഇന്ത്യയിലാകെയുളള എസി കോച്ച് യാത്രക്കാർക്കായി 3.90 ലക്ഷം പുതപ്പുകളാണ് റെയിൽവേയ്‌ക്ക് ആവശ്യം. എസി ഫസ്റ്റ് ക്ലാസ് യാത്രികർക്ക് നൽകുന്ന പുതപ്പുകൾ ഓരോ തവണയും മാറ്റാറുണ്ടെങ്കിലും ഈ സൗകര്യം എസി സെക്കന്റ്, തേർഡ് ക്ലാസുകളിൽ ലഭ്യമല്ല.

പുതപ്പുകൾ ആറ് മാസം വരെ അലക്കാറില്ലെന്ന് സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പുതിയ തീരുമാനം വന്നത്. യന്ത്രസൗകര്യത്തോടെ ഈ തുണികൾ അലക്കാൻ സാധിക്കുന്ന 50 കേന്ദ്രങ്ങളാണ് രാജ്യത്തുളളത്. ഇത്തരം പത്ത് കേന്ദ്രങ്ങൾ വരെ വരും ദിവസങ്ങളിൽ തുറക്കുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ