ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ സ്വിസ് ബാങ്ക് അക്കൗണ്ടുകളുകളെക്കുറിച്ചുള്ള വിവരങ്ങൾ സ്വിറ്റ്സർലാൻഡ് അധികൃതർ ഇന്ത്യക്ക് കൈമാറി. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ(എഇഒഐ ) കരാറിന്റെ ഭാഗമായാണ് വിവരങ്ങൾ കൈമാറിയത്. ഇത് രണ്ടാം തവണയാണ് ഈ കരാർ പ്രകാരം സ്വിസ്ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക സ്വിറ്റ്സർലാൻഡ് ഇന്ത്യക്ക് കൈമാറുന്നത്.
75 രാജ്യങ്ങൾ ഉൾപ്പെട്ട എഇഒഐ പ്രകാരം 2019 സെപ്റ്റംബറിലായിരുന്നു സ്വിറ്റ്സർലൻഡ് ഇന്ത്യക്ക് ആദ്യ പട്ടിക കൈമാറിയത്. ഇത്തവണ 86 രാജ്യങ്ങൾക്ക് സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷൻ (എഫ്ടിഎ) ഈ വിവരങ്ങൾ കൈമാറി. 31 ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നതായി എഫ്ടിഎ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 2019 ലും അക്കൗണ്ടുകളുടെ എണ്ണം സമാനമായിരുന്നു.
Read More: പലിശനിരക്കിൽ മാറ്റമില്ല, ജിഡിപി 9.5 ശതമാനം കുറയുമെന്ന് റിസർവ് ബാങ്ക്
സ്വിസ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയ പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് എഫ്ടിഎ ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രദ്ധേയമായ അളവ് വിവരങ്ങൾ ഇന്ത്യൻ പൗരന്മാരുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടവയാണെന്നും അവർ പറഞ്ഞു.
തിരിച്ചറിയൽ രേഖാ വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, അക്കൌണ്ട് തുടങ്ങിയവ സ്വിസ് അധികൃതർ പങ്കിട്ട വിവരങ്ങളിൽ ഉൾപ്പെടുന്നു. 2021 സെപ്റ്റംബറിലാണ് ഇനി വിവരങ്ങൾ കൈമാറുക.
കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം ഇന്ത്യൻ പൗരന്മാരെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സ്വിറ്റ്സർലാൻഡ് ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന കേസുകളിൽ ഭരണതലത്തിൽ നിന്നുള്ള അഭ്യർത്ഥനകൾ പ്രകാരമാണ് ഈ വിവരങ്ങൾ കൈമാറിയിരുന്നത്. 2018 ന് മുമ്പ് ക്ലോസ് ചെയ്തിരുന്ന പഴയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടവയാണ് ഈ കേസുകളിൽ കൂടുതലും.
Read More: രണ്ടു കോടി രൂപവരെയുള്ള വായ്പകൾ: കൂട്ടു പലിശയുടെ ലെവി ഒഴിവാക്കിയത് തിരിച്ചടവിൽ എന്ത് മാറ്റമുണ്ടാക്കും
ഈ കേസുകളിൽ ചിലത് പനാമ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കേമാൻ ദ്വീപുകൾ തുടങ്ങിയ വിവിധ വിദേശ അധികാരപരിധിയിൽ ഇന്ത്യക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതേസമയം വ്യക്തിപരമായ അക്കൗണ്ട് ഉടമകളിൽ കാര്യമായി വ്യവസായികളും ഏതാനും രാഷ്ട്രീയക്കാരും പഴയ രാജകുടുംബാംഗങ്ങളും ഉൾപ്പെടുന്നു.
Read More: India gets 2nd set of Swiss bank account details under automatic info exchange framework