തിങ്കളാഴ്ച ബംഗളൂരുവിൽ ഒരു കർഷക സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ഒരു സംഘം ആളുകൾ മഷി വാരി എറിഞ്ഞു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാന കർഷക സംഘടനയും ഹരിരു സേനയും ചേർന്ന് സംഘടിപ്പിച്ച കർഷക യോഗവുമായി ബന്ധപ്പെട്ട് രാകേഷ് ടിക്കായത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഗാന്ധിഭവനിൽ സംഭവം നടന്നത്.
കർഷക സമരം തടയാൻ കൈക്കൂലി വാങ്ങിയെന്ന കർണാടക സംസ്ഥാന കർഷക നേതാവ് കോടിഹള്ളി ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവായ ടിക്കായത്ത് ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത് ഇരുന്ന ബികെയു നേതാവ് യുധ്വീർ സിങ്ങിന് നേർക്കും അക്രമികൾ കറുത്ത മഷി പ്രയോഗിച്ചു. ടിക്കായത്തിന്റെ തലയിലും ചെറിയ പരുക്കുണ്ട്.
രാകേഷ് ടിക്കായത്തിന്റെ അനുയായികളും പ്രതിഷേധക്കാരും പരസ്പരം കസേരകൾ വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കർണാടകയിലെ ബിജെപി ഭരിക്കുന്ന സർക്കാർ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് സംഭവത്തിന് ശേഷം ബികെയു നേതാവ് കുറ്റപ്പെടുത്തി. ഇവിടെ ലോക്കൽ പോലീസ് ഒരു സുരക്ഷയും നൽകിയില്ലെന്നും സർക്കാരുമായി ഒത്തുകളിച്ചാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീഷണി ഉണ്ടെന്നും പോലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കിയില്ലെന്നും സംഘാടകരിലൊരാൾ പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.