കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കട്‍വയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമയില്‍ മഷിയൊഴിച്ചു. ടെലിഫോണ്‍ മൈതാനിയിലെ നെഹ്റു പ്രതിമയിലാണ് അക്രമികള്‍ കറുത്ത മഷിയൊഴിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി.

രാജ്യത്ത് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുകയും കേടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവും അരങ്ങേറിയത്. ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ത്തിരുന്നു. ജെസിബി ഉപയോഗിച്ചായിരുന്നു ബിജെപി അനുകൂലികള്‍ പ്രതിമ തകര്‍ത്തത്.

പിന്നാലെ രാജ്യത്ത് പലയിടത്തും പ്രതിമകള്‍ക്കെതിരെ അക്രമം നടന്നു. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമയ്ക്ക് നേരെ അക്രമം നടത്തിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍ പ്രതിമയും അക്രമികള്‍ തകര്‍ത്തു. കണ്ണൂരില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയായിരുന്നു അക്രമം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ