ചെന്നൈ: കാവേരി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡഫ്എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാൻ ചെന്നൈയിലെത്തിയ മോദി പ്രതിഷേധത്തെത്തുടന്ന് റോഡ് മാർഗം ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തത്.

ചെന്നൈ വിമാനത്താവള റോഡിലും അണ്ണാ ശാലെ അപ്രോച്ച്​ റോഡുകളിലും നിരവധി പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. കരിങ്കൊടികളും കറുത്ത ബലൂണുകളും കൊണ്ടാണ് പ്രതിഷേധക്കാർ എത്തിയത്. കറുത്ത ബലൂണുകള്‍ പറത്തി മോദിക്കെതിരെ പ്രതിഷേധിച്ചു. 200 ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം ശക്തമായതോട പ്രധാനമന്ത്രി റോഡ് മാർഗം ഉപേക്ഷിക്കുകയായിരുന്നു. വിമാനത്താവളത്തുനിന്നും അദ്ദേഹം ഹെലികോപ്റ്ററിലാണ് ഉദ്ഘാടന സ്ഥലമായ തിരുവിടന്തായിൽ എത്തിയത്. മദ്രാസ്​ ​ഐഐടി ക്യാംപസ്​ ​ഗ്രൗണ്ടിലാണ്​ മോദി ഹെലികോപ്റ്ററിറങ്ങിയത്​. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ നിസംഗത കാണിക്കുന്നുവെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായത്.

കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ പുണെയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ വേദിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് മല്‍സരം നടന്നതും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറ് മല്‍സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടിയിരുന്നത്. ഇവയാണ് പുണെയിൽ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook