scorecardresearch

പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്

10 ദ്വീപുകളിലെ വീടുകളിലും മറ്റും കരിങ്കൊടികള്‍ ഉയര്‍ത്തിയും കറുത്ത മാസ്‌ക് ധരിച്ചും പ്ലക്കാർഡുകൾ പിടിച്ചുമാണ് ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം

Lakshadweep, Lakshadweep Administration, black day protest in Lakshadweep, black day protest against Lakshadweep Administrator Praful Khoda Patel, Left MPs files breach of privilege motion against Lakshadweep Administrator, Lakshadweep new laws, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism,Lakshadweep development authority regulation, Lakshadweep panchayath regulation amendment,ie malayalam

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് ലക്ഷദ്വീപ്. വിവാദ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പട്ടേല്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനു ദ്വീപിലെത്തുന്നത്.

പ്രത്യേക വിമാനത്തിൽ ഗോവ വഴി ഉച്ചയ്ക്ക് ഒന്നോടെയാണ് പട്ടേൽ കവരത്തിയിലെത്തിയത്. തുടർന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തി.

ജനവാസമുള്ള 10 ദ്വീപുകളിലെ വീടുകളിലും മറ്റും കരിങ്കൊടികള്‍ ഉയര്‍ത്തിയും കറുത്ത മാസ്‌ക് ധരിച്ചും പ്ലക്കാർഡുകൾ പിടിച്ചുമാണ് ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതിനായി സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്ററുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നാണു വിവരം.

ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ലക്ഷദ്വീപ് ജനത ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കരിദിനം ആചരിക്കുന്നതെന്ന് പിപി മുഹമ്മദ് ഫൈസല്‍ എംപി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”ഞങ്ങളുടെ ആതിഥ്യമര്യാദയ്ക്കു വിപരീതമായി ഒരു അഡ്മിനിസ്‌ട്രേറ്ററെ സ്വീകരിക്കുന്ന സാഹചര്യം ഇതാദ്യമാണ്. അത് കേന്ദ്ര സര്‍ക്കാരും പ്രഫുല്‍ ഖോഡ പട്ടേലും ശരിക്കും മനസ് തുറന്ന് മനസിലാക്കിയാല്‍ മതിയായിരുന്നുവെന്നാണ് ലക്ഷദ്വീപുകാരുടെ ആഗ്രഹം. ദ്വീപിലെ മുപ്പത്തി ഏഴാമത്തെ അഡ്മിനിസ്‌ട്രേറ്ററാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. ഇതിനു മുന്‍പുള്ള ഒരു അഡ്മിനിസ്‌ട്രേറ്ററോടും ഈ രീതിയിലുള്ള സമീപനം ലക്ഷദ്വീപുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനുകാരണക്കാരനായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന കേന്ദ്രസര്‍ക്കാരിനുള്ള സന്ദേശം കൂടിയാണ് ഈ പ്രതിഷേധം,” മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

Also Read: രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതലയേറ്റടുത്തശേഷം ഇങ്ങോട്ടുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്റായ പ്രഫുല്‍ പട്ടേല്‍ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതല ഏറ്റെടുത്തത്. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ ആകസ്‌കമി നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഇത്.

പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ, ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കാണു ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ ഏഴിനു ലക്ഷദ്വീപുകാര്‍ ജനകീയ നിരാഹര സമരം നടത്തിയിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിട്ടുകൊണ്ടുള്ള സമരം. കടലിനടയിലും പ്രതിഷേധം നടന്നിരുന്നു.

വിവാദ പരിഷ്‌കാരങ്ങളുമായി രണ്ട് ഉത്തരവുകള്‍ അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു. മീന്‍പിടിത്ത ബോട്ടുകളില്‍ വിവരം ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചുമുള്ള ഉത്തരവകളാണ് പിന്‍വലിച്ചത്.

Also Read: ചെറിയ മീനല്ല ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, ആരാണ് പ്രഫുല്‍ ഖോഡ പട്ടേല്‍?

അതിനിടെ, പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ലക്ഷദ്വീപിലെ ബിജെപിയെയും പിടിച്ചുകുലുക്കുകയാണ്. നേതാക്കളുടെ രാജി തുടരുകയാണ്. മിനിക്കോട് ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം തിത്തിഗെ, സെക്രട്ടറി ഷൗക്കത്ത്‌ കൻബിലോഗ്, ട്രഷറർ മുഹമ്മദ് ഖലീൽ, കല്പേനിയിലെ പ്രവർത്തകൻ നാദിർഷ അറയ്ക്കൽ എന്നിവരാണ് പുതുതായി രാജിവച്ചത്.

പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ദീപിലെ ചില ബിജെപി നേതാക്കള്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ ദ്വീപ് സ്വദേശിനിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുതത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറി അബ്ദുള്‍ ഹമീദ് ഉള്‍പ്പെടെയുളള 12 പേര്‍ രാജിവച്ചിരുന്നു. ചെത്‌ലത് ദ്വീപില്‍നിന്നുള്ളവരാണ് രാജിവച്ചത്. ഐഷ സുല്‍ത്താനയും ചെത്‌ലത് സ്വദേശിനിയാണ്.

ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനാണ് ഐഷയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്. ജൂണ്‍ 20നു സ്‌റ്റേഷനില്‍ ഹാജരാവാനാണു നിര്‍ദേശം.

ലക്ഷദ്വീപിലെ സംഭവങ്ങള്‍ നേരിട്ടുവിലയിരുത്താന്‍ കേരളത്തിലെ എംപിമാര്‍ക്ക് ഇതുവരെയും സന്ദര്‍ശനാനുമതി ലഭിച്ചിട്ടില്ല. സന്ദര്‍ശനത്തിന് അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നല്‍കി. എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയിലും എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ലോക്സഭയിലുമാണ് നോട്ടിസ് നല്‍കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Black day observes in lakshadweep against administrator praful khoda patels visit