ജോധ്‌പൂർ: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരനെന്ന് കോടതി. സൽമാൻ ഖാന് 5 വർഷം തടവ് വിധിച്ചു. കേസിലെ കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലെ അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. ജോധ്പൂർ വിചാരണ കോടതിയുടേതാണ് വിധി. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്.

റേസ് 3 യുടെ ഷൂട്ടിങ്ങിനായി അബുദാബിയിൽ ആയിരുന്ന സൽമാൻ ഖാൻ വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. സൽമാൻ ഖാനൊപ്പം മറ്റു താരങ്ങളും ജോധ്പൂർ കോടതിയിൽ എത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം 6 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സൽമാൻ ഖാന് എതിരെ ചുമത്തിയിട്ടുളളത്.

സെയ്ഫ് അലി ഖാൻ കോടതിയിലെത്തിയപ്പോൾ

1998 ഒക്ടോബർ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

ലൈസൻസ് കാലാവധി കഴിഞ്ഞ തോക്കുപയോഗിച്ചാണ് കൃഷ്ണമൃഗത്തെ വേട്ടയാടിത്. തോക്ക് പിന്നീട് പൊലീസ് പിടിച്ചെടുത്തിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ സൽമാൻ ഖാനെ ജോധ്പൂർ കോടതി വെറുതെ വിട്ടിരുന്നു.

തബു കോടതിയിലെത്തിയപ്പോൾ

മാൻവേട്ടയുമായി ബന്ധപ്പെട്ട് 3 കേസുകളാണ് സൽമാൻ ഖാനെതിരെ ഉണ്ടായിരുന്നത്. ഇതിൽ 2 കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കി. ഒരു കേസിൽ 2006 ലും 2007 ലും സൽമാൻ ഖാൻ ഏതാനും ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോൾ സൽമാൻ ഖാനെ 5 വർഷം തടവിന് വിധിച്ചത്.

നേരത്തെ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊന്ന കേസിൽ സൽമാൻ ഖാനെ ബോംബൈ കോടതി വെറുതെ വിട്ടിരുന്നു. 2002 ൽ ബാന്ദ്രയിലെ റോഡിനു സമീപം നടപ്പാതയിൽ ഉറങ്ങിക്കിടന്നവരുടെ മേൽ മദ്യാസക്തിയിൽ വാഹനം ഓടിച്ചു കയറ്റിയെന്നായിരുന്നു കേസ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈ സെഷൻസ് കോടതി കേസിൽ സൽമാന് 5 വർഷത്തെ തടവ് വിധിച്ചു. ഇത് ചോദ്യം ചെയ്ത് സൽമാൻ ബോംബൈ കോടതിയിൽ നൽകിയ ഹർജിയിലാണ് താരത്തെ കുറ്റവിമുക്തനാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ