ബെംഗളുരു: മാറിമറിഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ കർണാടകയിൽ സർക്കാർ രൂപവത്കരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച് ഗവർണർ വാജുഭായ് വാല. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറുമെന്ന് ബിജെപി വക്താവ് മുരളീധർ റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയുടെ പേരിൽ സുപ്രീം കോടതിയിൽ അർധരാത്രിയിൽ വാദം നടന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി തുടക്കത്തിൽ ഗവർണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ചു. ഒടുവിൽ ബി.എസ്.യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങുകയായിരുന്നു.
കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളൂ. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീം കോടതി വിധികൾക്കും വിരുദ്ധമാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി. ഇത് സംശയകരമാണെന്നും അദ്ദേഹം വാദിച്ചു.
ഇതിനു മറുവാദമുയർത്തിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും ബിജെപിക്കു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും സത്യപ്രതിജ്ഞ മാറ്റിവയ്ക്കരുതെന്ന് നിലപാട് സ്വീകരിച്ചു. നിലവിലെ പ്രശ്നങ്ങൾക്കൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്നും റോത്തഗി പറഞ്ഞു. ഇത് ചോദ്യം ചെയ്ത കോടതി, ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. ഇതോടെ അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഈ കാലാവധി വെട്ടിച്ചുരുക്കിയേക്കും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook