ബെയ്ജിങ്: ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ചൈനയെ സംബന്ധിച്ച് ശുഭ സൂചനയല്ലെന്ന് ചൈനീസ് മാധ്യമമായ ഗ്ളോബൽ ടൈംസ്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതൽ കരുത്ത് നൽകുമെന്നും രാജ്യാന്തര വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ശക്തമാകുമെന്നും ഗ്ളോബൽ ടൈംസ് അഭിപ്രായപ്പെടുന്നു.

Read More: ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

പ്രഖ്യാപനങ്ങളെക്കാൾ പ്രവൃത്തിയിൽ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരനാണ് മോദി. രാജ്യാന്തര തലത്തിൽ നിഷ്‌പക്ഷ നിലപാട് പുലർത്തിയിരുന്ന ഇന്ത്യയുടെ നയങ്ങൾ കൂടുതൽ ആക്രമണോത്സുകമാക്കിയത് മോദിയാണ്. പൊതുവായ വിഷയങ്ങളിൽ ഇന്ത്യൻ താൽപര്യം സംരക്ഷിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് മോദി കരുക്കൾ നീക്കുന്നതെന്നും മാധ്യമം ചൂണ്ടിക്കാട്ടുന്നു.

ചൈനയും റഷ്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢമാക്കുന്നതോടൊപ്പം അമേരിക്കയും ജപ്പാനുമായി പ്രതിരോധബന്ധങ്ങൾ ശക്തമാക്കാനും മോദി ശ്രദ്ധിക്കുന്നുണ്ട്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ അംഗമാകുന്നതിനൊപ്പം തന്നെ അമേരിക്കയുടെ സൗത്ത് ചൈന കടൽ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യ ഇതുവരെ മുന്നോട്ട് വയ്ക്കാത്ത നിലപാടാണ്.

Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’

2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയാവുമെന്നുമാണ് നിരീക്ഷണമെന്ന് ഗ്ളോബൽ ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യ-ചൈന ബന്ധത്തിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ കാരണമാവും. ഇന്ത്യ-ചൈന അതിർത്തിയിലെ സൈനികരോടൊപ്പം മോദി ദീപാവലി ആഘോഷിച്ച കാര്യവും ഗ്ളോബൽ ടൈംസ് എടുത്തു പറയുന്നു. ഏഷ്യാ പസഫിക് മേഖലയിലും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട തർക്കങ്ങളിലും യുഎസ് നിലപാടിനെ പിന്തുണച്ച് അവരുടെ വിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ലേഖനം സമർഥിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ