ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധം വര്‍ഗീയ പ്രചരണങ്ങള്‍ക്കും ഹിന്ദുത്വവാദങ്ങള്‍ക്കുമാണ് കഴിഞ്ഞ് നാല് വര്‍ഷക്കാലമായി നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ രാമക്ഷേത്ര നിര്‍മ്മാണവും അയോധ്യ തര്‍ക്കവും സ്ഥലങ്ങളുടെ പേര് മാറ്റല്‍ ചടങ്ങുകളും പശുവിനായി മനുഷ്യനെ കൈകാര്യം ചെയ്യുന്ന പ്രചരണങ്ങളും തകൃതിയായി നടന്നു.

എന്നാല്‍ അവകാശപ്പെടാന്‍ കൂടുതലൊന്നും ഇല്ലാതെ പ്രതിപക്ഷ പാര്‍ട്ടികളെ കുറ്റം പറഞ്ഞതും ഹിന്ദുത്വ അജണ്ടയ്ക്ക് മൂര്‍ച്ച കൂട്ടുകയും മാത്രമായത് മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപിക്ക് തുണയായില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയായിരുന്നു ഹിന്ദുത്വ പ്രചരണത്തിന് ബിജെപി നേതൃസ്ഥാനം നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ അദ്ദേഹം ശ്രീരാമനേയും ഹനുമാനേയും കൂട്ടുപിടിച്ച് നടത്തിയ പ്രചരണങ്ങള്‍ എന്നാല്‍ ഫലം കണ്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയും ഹിന്ദുത്വ വാദവും, രാമക്ഷേത്ര നിര്‍മ്മാണവും, പ്രതിമാ രാഷ്ട്രീയവും, പശു രാഷ്ട്രീയവും ചെലവാകില്ലെന്ന് ബിജെപിയില്‍ തന്നെ മുറുമുറപ്പ് ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി മുന്നില്‍ കണ്ട ഏറ്റവും വലിയ ആയുധം രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു. എന്നാല്‍ വികസനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പാര്‍ട്ടി രാമക്ഷേത്ര നിര്‍മ്മാണം ബദലായി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് വിവേകമല്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു. അത്കൊണ്ട് തന്നെ ഇനിയെന്താണ് ഭരണം പിടിക്കാനുളള വജ്രായുധമെന്ന് ബിജെപി കണ്ടെത്തേണ്ടിയിരിക്കുന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുളള ബിജെപിയുടെ ഒച്ചപ്പാടിന് ആക്കം കൂടിയത്. ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആര്‍എസ്എസ് അടക്കമുളള ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടു. അയോധ്യയില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്കൊണ്ടൊന്നും മൂന്ന് സംസ്ഥാനങ്ങളിലും ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ചെറുതായൊന്നുമല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

ബിജെപിയുടെ തീവ്ര ഹിന്ദുത്വനയം ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയെന്നാണ് വസ്തുത. ജാതീയമായി വേര്‍തിരിക്കാനാണ് ഓരോ സംസ്ഥാനങ്ങളിലും ബിജെപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സവര്‍ണ്ണരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്ന സാഹചര്യത്തില്‍ തന്നെ മതധ്രുവീകരണത്തിലൂടെ അവർണ്ണ വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടും പെട്ടിയിലാക്കാമെന്ന മോഹമാണ് ബിജെപിക്കെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook