scorecardresearch
Latest News

ബിജെപിയുടെ ഇലക്ഷൻ തന്ത്രം: 900 റാലി, 67000 പ്രവർത്തകർ, 10000 വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ

കർഷകരുടെ വൈകാരിക പിന്തുണ നേടാൻ മണ്ണ് കൊണ്ട് നെറ്റിയിൽ തിലകമണിഞ്ഞ് ഓരോ നേതാവും പ്രതിജ്ഞയെടുത്തു.

ബിജെപിയുടെ ഇലക്ഷൻ തന്ത്രം: 900 റാലി, 67000 പ്രവർത്തകർ, 10000 വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ

ന്യൂഡൽഹി: എങ്ങിനെയാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഇത്രയും മികച്ച വിജയം നേടാൻ ബിജെപി ക്ക് സാധിച്ചത് എല്ലാവരും അന്പരക്കുന്നുണ്ടാവും. 1991 ൽ 221 സീറ്റുകളോടെ ഉത്തർപ്രദേശിൽ അധികാരത്തിൽ വന്ന ബിജെപിക്ക് ആ സ്വാധീനം ഓരോ വർഷവും താഴോട്ട് പോകുന്നതാണ് കണ്ടത്. രാമ ജന്മഭൂമി വിഷയം ആളിക്കത്തിച്ചായിരുന്നു ആദ്യത്തെ വിജയം. പിന്നീട് 1976 ൽ 174 സീറ്റിലേക്കും, 2002 ൽ 88 സീറ്റിലേക്കും, 2007 ൽ 51 സീറ്റിലേക്കുമായി പാർട്ടി ചുരുങ്ങി. 2012 ൽ 47 സീറ്റിലാണ് അവർക്ക് വിജയിക്കാനായത്. എന്നാൽ 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ 300 ലധികം മണ്ഡലങ്ങളിൽ മുന്നിലെത്തിയ ബിജെപി ക്ക്, ആ ജനപിന്തുണയിൽ ഇന്നും ചോർച്ച സംഭവിച്ചിട്ടില്ലെന്നത് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തന്നെയാണ് ഈ വൻവിജയത്തിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് ഓം മാതുർ, പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കേശവ പ്രസാദ് മൗര്യ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവർ ഷായുടെ ഇടം വലം നിന്ന് കരുനീക്കങ്ങൾ നടത്തി.

സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി ആരംഭിച്ചിട്ട് വർഷം രണ്ടായി എന്ന് തന്നെ വേണം പറയാൻ. 2016 ഏപ്രിൽ 24 ന് സംസ്ഥാനത്ത് നടന്ന ധമ്മ ചേതന യാത്ര ഇതിന്റെ ഔദ്യോഗിക തുടക്കം മാത്രമായിരുന്നു. ബുദ്ധ സന്യാസിയും മുൻ എംപിയുമായ ധമ്മ വിരിയോ നേതൃത്വം നൽകിയ ഈ യാത്ര കടന്നുപോയത് ഉത്തർപ്രദേശിലെ ദളിതരും പിന്നാക്ക വിഭാഗക്കാരും അധികമുള്ള 175 നിയോജക മണ്ഡലങ്ങളിലൂടെയാണ്.സാരനാഥിൽ നിന്നാരംഭിച്ച് കാൺപൂരിൽ അവസാനിച്ച ഈ യാത്രയ്ക്കിടയിൽ 453 പൊതുസമ്മേളനങ്ങൾ പലയിടത്തായി നടന്നു. അതിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തത് അമിത് ഷാ ആയിരുന്നു. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്‌ത്തുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.

സെപ്തംബർ 1 മുതൽ 17 വരെ പുതിയ വോട്ടർമാരെ കണ്ടെത്താനുള്ള ഒരു പ്രചാരണം സംസ്ഥാനമൊട്ടാകെ പാർട്ടി നേതൃത്വത്തിൽ നടത്തി. ഇത് മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. 9.17 ലക്ഷം പുതിയ വോട്ടർമാരെയാണ് ഇതിലൂടെ കണ്ടെത്തിയത്. ഇതിനായി കോളേജുകളും പൊതു ഇടങ്ങളുമായി 6235 ക്യാംപുകൾ പാർട്ടി നടത്തി.

സഹറൻപൂർ, ഝാൻസി, ബല്ലിയ, സോഹൻബദ്ര എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച പരിവർത്തൻ യാത്ര 403 നിയോജകമണ്ഡലങ്ങളിലൂടെയും പ്രചാരണം നടത്തിയ ശേഷമാണ് ലഖ്‌നൗവിൽ അവസാനിച്ചത്. ഈ നാല് യാത്രകളിലൂടെ പാർട്ടി നേതാക്കൾക്ക് 51 ലക്ഷത്തോളം ജനങ്ങളിലേക്ക് നേരിട്ട് എത്താനായി എന്നതായിരുന്നു അവരുടെ നേട്ടം. ബിജെപി യുടെ നയങ്ങളും നരന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങളുമാണ് ഈ പ്രചാരണത്തിലാകെ പരാമർശിക്കപ്പെട്ടത്.

യുവാക്കളുടെ വോട്ടുകളിൽ തന്നെയായിരുന്നു പാർട്ടിയുടെ കണ്ണ്. ഇതിനായി 1650 കോളേജ് സഭകൾ രൂപീകരിച്ചു. ഇവിടെ 2058 കോളേജ് അംബാസഡർമാരെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയേൽപ്പിച്ചു. അമിത് ഷാ തന്നെ ഇവരോട് എല്ലാവരോടും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചു. ഇതിന് സമാനമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സംസ്ഥാനത്തെ സ്ത്രീകളോടും വിദ്യാർത്ഥിനികളോടും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചു. 88 സമ്മേളനങ്ങളാണ് യുവാക്കൾക്കായി മാത്രം സംസ്ഥാനത്ത് സംഘടിപ്പിച്ചത്.

Read More: അമിത് ഷായുടെ അടുത്ത ലക്ഷ്യം ബിജെപിയുടെ കൈവശം ഇല്ലാത്ത 120 ലോക്‌സഭ സീറ്റുകൾ

സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ജില്ലകൾ കേന്ദ്രീകരിച്ച് 77 സമ്മേളനങ്ങൾ പ്രത്യേകം നടത്തി. ഒബിസി വോട്ടർമാരെ ലക്ഷ്യമിട്ട് 200 പിന്നാക്ക വിഭാഗ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. എസ്‍‌സി -എസ്‌ടി വോട്ടർമാരെ ഉന്നമിട്ടാണ് സംസ്ഥാനത്ത് 18 സ്വാഭിമാന സമ്മേളനങ്ങളും നടന്നത്. വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് 14 സമ്മേളനങ്ങൾ വേറെയും സംസ്ഥാനത്ത് സംഘടിപ്പിച്ചു.

25 അംഗ ഐടി ടീമിനെയാണ്തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തർപ്രദേശിൽ രൂപീകരിച്ചത്. ആറ് റീജണൽ വിഭാഗങ്ങളിലായി 21 അംഗങ്ങളുടെ ടീമുകൾ വേറെയും. 15 അംഗങ്ങൾ വീതമാണ് 90 ജില്ലകളിലും ഉണ്ടാക്കിയത്. ഇതിനൊക്കെ പുറമേ ഓരോ നിയോജക മണ്ഡലങ്ങളിലും പത്ത് പേർ വീതം ഡിജിറ്റൽ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. 10344 വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് രൂപീകരിച്ചത്. ഉത്തർദേഗാ ഉത്തർപ്രദേശ്, ബിജെപി4യുപി, അബ് മാഫ് കരോ സർക്കാർ, യുപി കി മൻ കീ ബാത്ത് എന്നിങ്ങനെ നാല് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും തുടങ്ങിയിരുന്നു. നിമിഷം പ്രതിയെന്നോണം ഓഡിയോ വീഡിയോ ക്ലിപ്പുകൾ ഇവയിലൂടെ പ്രചരിപ്പിച്ചു.

75 വീഡിയോ വാനുകൾ സംസ്ഥാനമൊട്ടുക്ക് വോട്ടർമാരുടെ ആവശ്യങ്ങൾ നേരിട്ട് കേട്ടറിഞ്ഞ ശേഷമാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. ഓരോ ഇടത്തും പ്രസംഗിക്കുന്പോൾ പരാമർശിക്കേണ്ട പ്രധാന വിഷയങ്ങൾ ഓരോ നേതാക്കന്മാർക്കും പ്രത്യേകമായി അയച്ചുകൊടുത്തിരുന്നു.

കർഷകർക്കിടയിൽ ശക്തമായ പ്രചാരണങ്ങൾ സംഘടിപ്പിച്ചതിന് ഒപ്പം, അവരുടെ വൈകാരിക പിന്തുണ നേടാൻ മണ്ണ് കൊണ്ട് നെറ്റിയിൽ തിലകമണിഞ്ഞ് ഓരോ നേതാവും പ്രതിജ്ഞയെടുത്തു. ഓരോ മണ്ഡലത്തിലും രണ്ട് മുതൽ നാല് വരെ പൊതുയോഗങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംഘടിപ്പിച്ചത്. ആകെ 900 റാലികൾ നടന്നതിൽ 23 എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. ജനങ്ങളുടെ ആകർഷണം നേടിയെടുക്കാൻ ഓരോ പൊതുയോഗത്തിലും നേേതാക്കൾ ഹെലികോപ്റ്ററിൽ തന്നെ വന്നിറങ്ങണമെന്ന കാര്യവും ബിജെപി യാഥാർത്ഥ്യമാക്കി.

പുതിയതായി 2.03 കോടി അംഗങ്ങളാണ് ബിജെപിയുടെ അംഗത്വത്തിൽ വന്നത്. സൂക്ഷ്മമായി പിശോധിച്ചപ്പോൾ ഇത് 1.8 കോടിയായി. ഇത്രയും പേരിൽ 67000 ലധികം പേർ സജീവമായി പ്രവർത്തനത്തിന് ഇറങ്ങി. പാർട്ടിയുടെ നയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് 1200 ലധികം പഠന ക്യാംപുകളും നടത്തി.

16.91 കോടി രൂപ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആജീവൻ സഹയോഗ് നിധിയിലൂടെ ജനങ്ങളിൽ നിന്ന് ശേഖരിച്ചത്. നിരന്തരം പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ ബന്ധപ്പെട്ടത് വഴി, സംസ്ഥാനത്തെ വോട്ടെടുപ്പ് കുറ്റമറ്റ് രീതിയിലാക്കാനുള്ള സാഹചര്യവും പാർട്ടി മെനഞ്ഞെടുത്തു. ഓരോ മണ്ഡലത്തിലെയും ജാതി കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് അവിടങ്ങളിൽ ദേശീയ നേതാക്കന്മാർ പ്രചാരണത്തിന് എത്തിയത്. എല്ലാ നേതാക്കളെയും തർക്കങ്ങളില്ലാതെ സൗഹാർദ്ദത്തിൽ നിലനിർത്താനായതും, മുതിർന്ന നേതാക്കളുടെ മക്കൾക്ക് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ സാധിച്ചതും ബിജെപി ഉത്തർപ്രദേശ് ഘടകത്തെ ഒത്തൊരുമയോടെ നിൽക്കാൻ സഹായിച്ചു.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjps election strategy 900 rallies 67000 workers 10000 whatsapp groups chopper landings

Best of Express