ന്യൂഡൽഹി: കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിഷേധം. തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ തീയതി ട്വീറ്റ് ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

മാളവ്യയുടെ ട്വീറ്റിനെക്കുറിച്ച് മാധ്യമപ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ചോദ്യമുയർത്തി. ഇത്രയും രഹസ്യമായ വിവരം ബിജെപി പാർട്ടിക്ക് എങ്ങനെ കിട്ടിയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ എത്രമാത്രം രഹസ്യമാക്കി വച്ചാലും ചില വിവരങ്ങൾ പുറത്തുപോകാറുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഓംപ്രകാശ് പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണൽ 18ന് നടക്കുമെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപേ മാളവ്യ ട്വീറ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോൺഗ്രസ് അടക്കമുളള പാർട്ടികൾ ഇതിനെതിരെ രംഗത്തെത്തി. ഇതോടെ മാളവ്യ ട്വീറ്റ് പിൻവലിച്ചു.

തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ എങ്ങനെ അറിഞ്ഞുവെന്ന് മാളവ്യയോട് ചോദിച്ചപ്പോൾ ഒരു വാർത്താ ചാനലിൽ കണ്ടാണ് താൻ അറിഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബിജെപി സൂപ്പർ ഇലക്ഷൻ കമ്മിഷൻ ആയി മാറിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ച് ഈ സംഭവം സംശയം ഉയർത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കമ്മിഷൻ നോട്ടീസ് അയയ്ക്കുമോയെന്നും ബിജെപി ഐടി സെൽ മേധാവിക്കുമേൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12 ന് നടക്കുമെന്നും വോട്ടെണ്ണൽ മെയ് 15 നാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook