ന്യൂഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതിയുമായി യുവമോര്‍ച്ച. നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ അഥവാ എന്‍ആര്‍സിയെ വിമര്‍ശിച്ച് മമത നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് പരാതി നല്‍കാന്‍ കാരണം.

അസമിലെ ദേശീയ പൗരത്വപട്ടിക റജിസ്‌ട്രേഷനെതിരെ മമത നടത്തിയ വിമര്‍ശനം ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കുന്നു എന്നാണ് പരാതി. അസമിലെ ജനങ്ങളുടെ അവസ്ഥയെ പരിഹസിക്കുന്ന വിദ്വേഷകരമായ പ്രസ്താവനയാണ് മമത നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന്​ 40 ലക്ഷം പേരെ പുറത്താക്കി ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. എന്‍ആര്‍സിയുടെ നീക്കം രാജ്യത്ത്​ ആഭ്യന്തര യുദ്ധത്തിന്​ കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത ബാനർജി പറഞ്ഞു. കത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മമത.

മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബത്തിന് പോലും പൗരത്വം അനുവദിക്കാതിരുന്ന നടപടി​ അംഗീകരിക്കാനാവില്ലെന്നും മമത ഡൽഹിയിൽ പറഞ്ഞു. പട്ടികയിൽ നിന്ന്​ ഒഴിവാക്കിയവർ അസമിൽ എങ്ങനെ ജീവിക്കും, ​എവിടെ നിന്ന്​ ഭക്ഷണം കഴിക്കും. എവി​ടെ അഭയം തേടുമെന്നും മമത ചോദിച്ചു.

ഒരാൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന്​ തീരുമാനിക്കാൻ ബിജെപി ആരാണ്​.? അവർ മാത്രമാണോ ഇന്ത്യക്കാരായുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ചോരപ്പുഴ ഒഴുകും, ആഭ്യന്തര യുദ്ധം നടക്കും. ഇന്നലെ 40 ലക്ഷം പേര്‍ അവര്‍ക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ സ്വന്തം രാജ്യത്ത് അവര്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു’, മമത പറഞ്ഞു.

അതേസമയം, മമത ബാനർജി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ അമിത്​ ഷാ പ്രതികരിച്ചു. മമത വോട്ട്​ ബാങ്ക്​ രാഷ്​ട്രീയം​ കളിക്കുകയാണെന്നും​ അവരുടെ വാക്കുകൾ കേട്ട്​ താൻ ​ഞെട്ടിയതായും അമിത്​ ഷാ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ