ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തല വെട്ടുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. ബിജെപിയുടെ യുവമോർച്ച നേതാവ് യോഗേഷ് വാർഷ്ണേയാണ് വാഗ്‌ദാനം പ്രഖ്യാപിച്ചിട്ടുളളത്.

”പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തല വെട്ടിയെടുത്ത് എന്റെ പക്കൽ കൊണ്ടു വരുന്നതാരാണോ അയാൾക്ക് ഞാൻ 11 ലക്ഷം രൂപ നൽകും. മമത രാമ നവമിയോടനുബന്ധിച്ച് സരസ്വതി പൂജകൾ നടത്താൻ അനുവദിക്കുന്നില്ല. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പങ്കെടുത്തവർക്കുനേരെ ലാത്തി ചാർജ് നടത്തി. മമത മുസ്‌ലിമുകളെയാണ് എപ്പോഴും പിന്തുണയ്ക്കുന്നതെന്നും” യോഗേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ബംഗാളിലെ ബിർഭൂമിലെ സൂരി പ്രദേശത്ത് ഹനുമാൻ ജയന്തിയുടെ ഭാഗമായി ഘോഷയാത്ര നടത്തുന്നതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ ജനങ്ങൾ ഇത് ധിക്കരിച്ച് ‘ജയ് ശ്രീറാം’ വിളികളുമായി റാലി നടത്തി. പൊലീസ് റാലിക്കുനേരെ ലാത്തിച്ചാർജ് നടത്തി. നേരത്തെ രാമ നവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ജനങ്ങൾ വാളുകളും മറ്റു ആയുധങ്ങളും കയ്യിലേന്തിയിരുന്നു. ഇതേത്തുടർന്നാണ് ഹനുമാൻ ജയന്തിയോടനുബന്ധിച്ചുളള ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ