കൊൽക്കത്ത: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി രേഖപ്പെടുത്തി കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സ് ഏരിയയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് തുടർച്ചയായ രണ്ടാം ദിവസവും നൂറുകണക്കിന് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പല സീറ്റുകളിലേയും സ്ഥാനാർഥികളെ മാറ്റണം എന്നാവശ്യപ്പെട്ട്, പ്രകോപിതരായ പാർട്ടി പ്രവർത്തകർ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ശിവ പ്രകാശ്, മുകുൾ റോയ്, അർജുൻ സിങ് എന്നിവരെ ഭീഷണിപ്പെടുത്തി. പാർട്ടി പ്രവർത്തകർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
“ചില പ്രവർത്തകർ സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആവലാതികൾ ഞങ്ങൾ ശ്രദ്ധിക്കുകയും കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു. ഇനി അവരാണ് ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത്,” പാർട്ടി എംപി അർജുൻ സിങ് പറഞ്ഞു.
Read More: ‘ഒരു പ്രതീക്ഷയുമില്ല’; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ
മുന്‍ തൃണമൂല്‍ നേതാക്കളെ ബിജെപി സ്ഥാനാർഥികളാക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി കൊല്‍ക്കത്തയില്‍ എത്തിയ ദിവസം തന്നെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു വലിയ പൊലീസ് സംഘത്തെ നിയോഗിച്ചു. ജില്ലകളിലെ നിരവധി ബിജെപി ഓഫീസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതാക്കളെ കണ്ടെത്താൻ ബിജെപി പാടുപെടുകയാണെന്ന് സ്ഥാനാർഥി പട്ടികയിൽ നിന്ന് വ്യക്തമായിരുന്നുവെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് പരിഹസിച്ചു. “ഒന്നാമതായി, സിറ്റിങ് എംപിമാരെയും കേന്ദ്രമന്ത്രിയെയും രംഗത്തിറക്കി, തുടർന്ന് ടിഎംസി വിട്ടുവന്നവർക്ക് മുൻഗണന നൽകി. പാർട്ടി കെട്ടിപ്പടുക്കാൻ സഹായിക്കുകയും ഞങ്ങളുമായി യുദ്ധം ചെയ്യുകയും ചെയ്ത പഴയ നേതാക്കൾക്ക് അംഗീകാരം പ്രതീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഇപ്പോൾ അവർ പാർട്ടിക്കെതിരെ ദേഷ്യം പ്രകടിപ്പിക്കുകയാണ്, ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ, ”അദ്ദേഹം പറഞ്ഞു.
അതേസമയം, നാമ നിർദേശപത്രികയിൽ കേസുകൾ മറച്ചുവച്ചുവെന്ന ആരോപണത്തിൽ മമത ബാനർജിക്കെതിരെ ബിജെപി പരാതി നൽകി. മമതയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി നന്ദിഗ്രാം റിട്ടേണിങ് ഓഫീസർക്കാണ് പരാതി നൽകിയത്. പല ബിജെപി ഓഫീസിനും പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു. ആറു കേസുകൾ നാമനിർദേശപത്രികയിൽ നിന്ന് മറച്ചുവച്ചുവെന്നാണ് ബിജെപിയുടെ ആരോപണം