മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് ഉദ്യോഗസ്ഥനെ മർദിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കേരളമടക്കം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലുള്ളവരാണ് മൂന്നാം ഘട്ടത്തില്‍ രാജ്യത്തിന്റെ വിധി എഴുതുന്നത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.

Lok Sabha Election Phase 3 Live Updates

കേരളത്തിലെ പല പോളിങ് ബൂത്തുകളിലും വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് കള്ളവോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവളത്ത് കൈപ്പത്തിക്ക് വോട്ട് കുത്തുമ്പോള്‍ താമരയ്ക്ക് വീഴുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും പറഞ്ഞ് തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി ഐഎഎസ് രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook