വാരണാസി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാൻ സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തിയപ്പോഴായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

ബിജെപിക്കാരോട് ചിലർക്ക് തൊട്ടുകൂടായ്മയാണ്. കേരളത്തിലടക്കം പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ ബിജെപിക്കാർ കൊലചെയ്യപ്പെടുകയാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നതെന്നും മോദി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടേതല്ലെന്നും പാർട്ടി പ്രവർത്തകരാണ് ജയിച്ചതെന്നും മോദി പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സർക്കാരിനെ ജനം തെരഞ്ഞെടുത്തു. വോട്ടെണ്ണും മുന്പ് തന്നെ വിജയം ഉറപ്പിച്ചിരുന്നു, അത് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമാണെന്നും മോദി പറഞ്ഞു.

വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ബിജെപി പ്രവർത്തകർ വാരണാസിയിൽ ഒരുക്കിയത്. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോദിക്ക് വരവേൽപ്പ്. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്.

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

പിന്നീട് നടന്ന പാർലമെന്ററി പാർട്ടി യോഗം ഐക്യഖണ്ഠേന നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് നടക്കുക. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലികൊടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook