ജയ്പൂര്‍: രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ ശനിയാഴ്ച പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തനെ കൊലപ്പെടുത്തി. 42കാരനായ സംമ്രത് കുമവതിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ബൈക്കുകളിലായെത്തിയ ഒരുകൂട്ടം ആളുകള്‍ സംമ്രതിനെ ആദ്യം വാളുപയോഗിച്ച് കഴുത്തില്‍ വെട്ടുകയും പിന്നീട് മൂന്ന് തവണ നിറയൊഴിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി പ്രതാപ്ഗര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഷെയ്തന്‍ സിങ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് സംഭവത്തെ അപലപിച്ചു.
‘രാജസ്ഥാനിലെ പ്രതാപ്ഗറില്‍ ബിജെപി പ്രവര്‍ത്തകന്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം. നാട്ടിലെ നീതിന്യായവ്യവസ്ഥയുടെ വീഴ്ചയുടെ തെളിവാണിത്,’ അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.