കൊൽക്കത്ത: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലാണ് സംഭവം. ഒരേ സ്ഥലത്ത് ദേശീയപതാക ഉയർത്താൻ രണ്ട് ഗ്രൂപ്പുകൾ എത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഗ്രാമീണ ഹൂഗ്ലിയിലെ ഖനാകുളിൽ ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘർഷമാകുകയായിരുന്നു. ഖനാകുൾ സ്വദേശിയായ സുദർശൻ പ്രമാണിക് (40 വയസ്) എന്ന ബിജെപി പ്രവർത്തകനാണ് തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്.
Read Also: കോവിഡിനെതിരായ മുൻകരുതലുകളോടെ സ്വാതന്ത്ര്യ ദിനാഘോഷം; വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ
“ഒരേ സ്ഥലത്ത് പതാക ഉയർത്താൻ രണ്ട് ഗ്രൂപ്പുകൾ തീരുമാനിച്ചു. തങ്ങളാഗ്രഹിക്കുന്ന സ്ഥലത്ത് ആര് ആദ്യം പതാക ഉയർത്തുമെന്നതായിരുന്നു ഇരു ഗ്രൂപ്പുകളുടെയും വാശിക്ക് കാരണം. പിന്നീടിത് തർക്കമായി, സംഘർഷത്തിൽ കലാശിച്ചു. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. അന്വേഷണം തുടരുകയാണ്” പൊലീസ് പറയുന്നു
പാർട്ടി പ്രവർത്തകന്റെ മരണത്തിൽ ബംഗാൾ ബിജെപി പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പ്രാദേശിക പാർട്ടി ഓഫീസുകൾ നശിപ്പിച്ചു. കേസിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. കേസിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇത്തരം കൊലപാതകങ്ങൾ കൊണ്ട് ബിജെപിയെ തടഞ്ഞുനിർത്താൻ തൃണമൂൽ കോൺഗ്രസിന് സാധിക്കില്ല. ഈ സംഭവത്തെ ഞങ്ങൾ ശക്തമായ വാക്കുകളിൽ അപലപിക്കുന്നു. യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുംവരെ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കും,” ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. ഇതുവരെ 108 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതായി ബിജെപി ജനറൽ സെക്രട്ടറി സയന്തൻ ബസു കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപിയുടെ ആരോപണങ്ങളെയെല്ലാം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തൃണമൂൽ നേതൃത്വം തിരിച്ചടിച്ചു.