കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മരിച്ച നിലയില്‍ കാണപ്പെട്ട ബിജെപി പ്രവര്ത്തകന് തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 32 വയസുള്ള ദുലാൽ കുമാറിനെയാണ് കഴിഞ്ഞ ദിവസം പുലൂല്പുരയില് വെദ്യുത പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ ബംഗാളിൽ രണ്ടാമത്തെ ബിജെപി പ്രവർത്തകനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇരുവരേയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ബിജെപി പ്രവര്‍ത്തകനായ പതിനെട്ടുകാരനെയായിരുന്നു നേരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിലോചൻ മഹാതോയാണ് മരിച്ചത്.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കയ്യൊപ്പില്ലാത്ത കുറിപ്പ് പൊലീസ് കണ്ടെടുത്തു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി നിന്റെ ജീവിതം തകർക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം യുവാവ് ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയതായി സംശയമുണ്ടെന്നും സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷിക്കാൻ തുടങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ടാമത്തെ മരണത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.