ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കാതിരുന്നാൽ ഉത്തർ പ്രദേശിൽ ബിഎസ്പി തൂത്തുവാരുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മായാവതി.
ബിജെപിക്ക് സത്യസന്ധതയും ജനാധിപത്യത്തിൽ വിശ്വാസവുമുണ്ടെങ്കിൽ വോട്ടിങ് മെഷീനുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്താനുള്ള ആർജവം കാണിക്കണമെന്നും മായാവതി വെല്ലുവിളിച്ചു. ‘‘2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണല്ലോ. ജനങ്ങൾ ഒപ്പമുണ്ടെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടത്താൻ തയ്യാറാകട്ടെ. ബാലറ്റ് പേപ്പർ ഉപയോഗിച്ചാൽ ബിജെപി അധികാരത്തിലെത്തില്ലെന്ന് ഉറപ്പു നൽകുന്നു’’–മായാവതി ലക്നൗവിൽ മാധ്യപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ നിഷേധിച്ചു. ‘‘വോട്ടിങ് യന്ത്രങ്ങൾക്ക് ഒരു തകരാറുമുണ്ടായിരുന്നില്ല. പ്രശ്നം അവരുടെ മനസ്സിലും പാർട്ടിയിലുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്ന അവരെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. ജാതി, മത, വിശ്വാസങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. സ്വാഭാവികമായും ജനങ്ങൾ പാർട്ടിയെ സ്വീകരിച്ചു-ദിനേശ് ശർമ്മ പ്രതികരിച്ചു.
ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചത് വോട്ടർ യന്ത്രത്തിൽ കൃത്രിമത്വം നടത്തിയാണെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ചില ബൂത്തുകളിൽ ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്. ഇതേച്ചൊല്ലി തിരഞ്ഞെടുപ്പ് നടന്ന ദിവസം പലയിടങ്ങളിലും സംഘർഷവുമുണ്ടായി. എന്നാൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം നടത്താൻ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പൽ കോർപ്പറേഷനുകളിൽ പതിന്നാലിടത്തും ബിജെപി വിജയിച്ചു. അഭിമാന പോരാട്ടമായിരുന്ന അയോദ്ധ്യയിലും വാരണാസിയിലും ബിജെപിക്ക് തന്നെയാണ് വിജയം. തുടക്കത്തിൽ ആറു കോർപറേഷനുകളിൽ ബിഎസ്പി മുന്നേറിയെങ്കിലും ഒടുവിൽ അലിഗഡിലും മീററ്റിലുമായി ഒതുങ്ങി. കോൺഗ്രസിനും എസ്പിക്കും ഒരു കോർപ്പറേഷൻ പോലും നേടാനായില്ല.