ശ്രീനഗര്‍: എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ബിജെപി ജയിക്കുന്നതും തോല്‍ക്കുന്നതും ലോകാവസാനം അല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ കീഴ്മേല്‍ മറിച്ചെന്നത് യാഥാര്‍ത്ഥ്യമാണെന്നും മാധ്യമ നിലവാരം തകിടം മറിഞ്ഞെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.
‘ബിജെപി ജയിക്കുന്നതോ തോല്‍ക്കുന്നതോ ലോകാവസാനം ഒന്നുമല്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ കീഴ്മേല്‍ മറിച്ചെന്നതും മാധ്യമ നിലവാരം കുത്തനെ താഴ്ന്നെന്നതും യാഥാര്‍ത്ഥ്യമാണ്. അപ്പോഴും സ്ഥാപനങ്ങളിലുളളവരും സത്യസന്ധതയുളള മാധ്യമപ്രവര്‍ത്തകരും നിവര്‍ന്നു നിന്ന് തങ്ങളുടെ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തിരിപ്പിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുഫ്തി വ്യക്തമാക്കി.
വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലം വന്നതോടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 1100ഓളം പോയിന്റ് കുതിച്ചുയര്‍ന്നിരിക്കുകയാണ്. സെന്‍സെക്സ് 1,133 പോയിന്റ് ഉയര്‍ന്ന് 39000ത്തിലും നിഫ്റ്റി 336 പോയിന്റ് നേട്ടത്തില്‍ 11,743ലുമാണ് വ്യാപാരം എത്തിയത്.
യെസ് ബാങ്ക്, മാരുതി, എസ്ബിഐ, എല്‍റ്റി, റിലയന്‍സ്, ഇന്റസന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ചഡിഎഫ്സി, വേദാന്ത, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍ പെയിന്റ്സ്, ബാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.
പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ഏറ്റവും മുന്നേറ്റം പ്രവചിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. എന്നാല്‍ ഇത്തവണ ബിജെപി ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.
ഇത്തവണ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ പ്രകാരം ഇത്തവണ ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടുഡേ ആക്സസിസ് പോള്‍ 19 മുതല്‍ 23 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയിൽ 2014ൽ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ നേടി ഈ നഷ്ടം നികത്താനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടിയിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 40 സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്.