പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ ബിജെപി കഷ്ടപ്പെടുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ട്വിറ്ററിലാണ് പ്രശാന്ത് കിഷോർ ഇക്കാര്യം അഭിപ്രായപ്പെട്ടത്. തന്റെ ട്വീറ്റ് സേവ് ചെയ്ത് വെച്ചോളൂവെന്നും പ്രവചനം തെറ്റാണെങ്കിൽ താൻ ഈ ഇടം ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ ട്വീറ്റിൽ പറഞ്ഞു. ബിജെപി അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ സഹായത്താൽ അവരെ വലുതാക്കി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോർ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. പിന്നീട് ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനൊപപ്പം ചേർന്ന അദ്ദേഹം ജെഡിയു വൈസ് പ്രസിഡന്റായി നിയമിതനായി. ഈ വർഷം ജനുവരിയിൽ “അച്ചടക്ക ലംഘനത്തിന്” ജെഡിയുയിൽ നിന്ന് പ്രശാന്ത് കിഷോർ പുറത്താക്കപ്പെട്ടിരുന്നു.
പശ്ചിമബംഗാളിൽ ബിജെപിക്ക് വേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് കിഷോറിന്റെ ട്വീറ്റ്. അടുത്ത അഞ്ച് വർഷത്തേക്ക് സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്താൽ സംസ്ഥാനത്തെ സുവർണ ബംഗാളാക്കി മാറ്റുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. 200 സീറ്റ് നേടി തന്റെ പാർട്ടി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു . ആകെ 294 സീറ്റുകളാണ് പശ്ചിമ ബംഗാൾ നിയമസഭയിലുള്ളത്.
തൃണമൂലിൽ നിന്ന് ബിജെപിയിലേക്കെത്തിയവരെ അമിത് ഷാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സംസ്ഥാന ഭരണകക്ഷി തൃണമൂൽ കോൺഗ്രസ്സിനേയും മുഖ്യമന്ത്രി മമത ബാനർജിയേയും വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ പ്രസംഗങ്ങളിൽ അമിത് ഷായുടെ പരാമർശങ്ങൾ. “ഇത് ഒരു തുടക്കം” ആണെന്നും വോട്ടെടുപ്പ് ആരംഭിക്കുമ്പോഴേക്കും “നിങ്ങൾ തനിച്ചായിരിക്കും” എന്നും മറ്റും അമിത് ഷാ മമതാ ബാനർജിയെ ലക്ഷ്യം വച്ച് പറഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയേക്ക് പോയ പശ്ചാത്തലത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
തൃണമൂൽ ശക്തികേന്ദ്രമായ മിഡ്‌നാപൂരിൽ നടന്ന ബിജെപി പൊതുയോഗത്തിൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുൻ സംസ്ഥാന ഗതാഗത മന്ത്രി സുവേന്ദു അധികാരി, ബർദ്ധമാൻ പൂർബ എംപി സുനിൽ കുമാർ മൊണ്ടാൽ, ഒമ്പത് എംഎൽഎമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
2021 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത 600 ലധികം റാലികളും മീറ്റിംഗുകളും നടത്തും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുയോഗങ്ങൾക്ക് സമാനമായി ജനുവരിയിൽ കൊൽക്കത്തയിൽ ബിജെപി വിരുദ്ധ നേതാക്കളുടെ സംയുക്ത റാലി നടത്താൻ ബാനർജി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, എൻസിപി നേതാവ് ശരദ് പവാർ, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ പങ്കെടുക്കും.