ഭോപ്പാല്‍: അമ്പത് വര്‍ഷം ബിജെപി രാജ്യം ഭരിക്കുമെന്ന് അമിത് ഷാ. അഞ്ചോ പത്തോ വര്‍ഷത്തേക്ക് ഭരിക്കാനല്ല, കുറഞ്ഞത് 50 വര്‍ഷത്തെ ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് മാറ്റം സൃഷ്ടിക്കാന്‍ ഇത് ആവശ്യമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവര്‍ത്തകരോടും അണികളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാണ് ഭോപാലില്‍ അമിത് ഷാ പ്രസ്താവന നടത്തിയത്.
ബിജെപി നിലവില്‍ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ആണെന്നും കേന്ദ്രത്തില്‍ ഭൂരിപക്ഷത്തിനൊപ്പം സംസ്ഥാനങ്ങളില്‍ 1387 എംഎല്‍എമാര്‍ പാര്‍ട്ടിക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ച ദേശീയ അധ്യക്ഷന്‍ എന്നിരുന്നാലും ഇതാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമെന്ന് പ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും രാജ്യത്ത് എല്ലായിടത്തും താമര വിരിയിക്കണമെന്നതാകണം ലക്ഷ്യമെന്നും അണികളെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
ഇന്ന് പാര്‍ട്ടിക്ക് പന്ത്രണ്ട് കോടി അംഗങ്ങളുണ്ട്. പല പ്രവര്‍ത്തകരും ജീവത്യാഗം ചെയ്തതു കൊണ്ടാണ് ഇത് സാധ്യമായത്. പാര്‍ട്ടി പതാക ഇല്ലാത്ത ഒരു സ്ഥലം പോലും രാജ്യത്ത് ഇല്ലെന്ന് ഉറപ്പു വരുത്തണം. ഇത് ഭാവിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തിയത്.