ന്യൂഡൽഹി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഇന്ത്യ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും മഹനീയമായ സ്ഥാനം നേടുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. എഎൻഐ ക്ക് ഡൽഹിയിൽ നൽകിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

2014 ൽ 282 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. എന്നാൽ 2019 ൽ ഇത് 300 ന് മുകളിലേക്ക് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. വെസ്റ്റ് ബംഗാൾ, കേരളം, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലാണ് ഈ ലക്ഷ്യം സാധ്യമാക്കാൻ ബിജെപി ഊർജ്ജിതമായി പ്രവർത്തിക്കുന്നത്.

“ഇന്ത്യയുടെ അഭിമാനവും ആത്മവിശ്വാസവും ഉയർന്ന മൂന്ന് വർഷമാണ് കഴിഞ്ഞ് പോയതെന്ന്” പറഞ്ഞ അമിത് ഷാ പ്രതിപക്ഷ കക്ഷികൾ കുടുംബ രാഷ്ട്രീയം കളിച്ച് സാമുദായിക വിഭജനത്തെ പിന്തുണയ്ക്കുകയാണ് എന്ന് കുറ്റപ്പെടുത്തി.

യുപിഎ സർക്കാരിന്റെ കാലത്ത് എല്ലാ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിമാരെ പോലെയാണ് പെരുമാറിയതെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, ബിജെപി പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പ്രാധാന്യം തിരികെ കൊണ്ടുവന്നും ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് സാധിച്ചുവെന്ന് വിശദീകരിച്ച അമിത് ഷാ, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ വർദ്ധനവും നേട്ടമായി ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചാ നിരക്കുള്ള രാജ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് ബിജെപിയുടെ ശക്തമായ കേന്ദ്രഭരണം വഴി സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read More : ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഇനിയും രണ്ട് വർഷം ദൂരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, ഏത് സമയത്തും ഏത് പ്രതിപക്ഷ കക്ഷിയും ശക്തമായ സാന്നിദ്ധ്യമായി ഉയർന്നുവരാമെന്നും പറഞ്ഞു. തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ