ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. 2017 ഡിസംബര്‍ 11ന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത് ഒരു വര്‍ഷം ആകുമ്പോള്‍ ശ്രദ്ധേയമായ വിജയമാണ് പാര്‍ട്ടി നേടുന്നത്. മിസോറാമില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും രാഹുലിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന പ്രാദേശിക പാര്‍ട്ടികളെ മാറി ചിന്തിപ്പിക്കാന്‍ പോന്ന വിജയമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി രാഹുലിനെ ഇകഴ്ത്തി കാണിച്ചാണ് പ്രചാരണം നടത്തിയത്. ഒരു ദേശീയ നേതാവായി രാഹുലിനെ കാണാന്‍ ബിജെപി ഇതുവരെയും തയ്യാറല്ല. എന്നാല്‍ ഇതിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.

2014ല്‍ നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഭൂരിഭാഗം വാഗ്‌ദാനങ്ങളും നിറവേറ്റാനായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രതിമ രാഷ്ട്രീയം, പശു രാഷ്ട്രീയം, സ്ഥലപ്പേരുകള്‍ മാറ്റിയുളള വികസനം, ക്ഷേത്ര നിർമ്മാണം, റാഫേല്‍ അടക്കമുളള അഴിമതികള്‍ ബിജെപിക്കെതിരെ വജ്രായുധമാക്കാന്‍ കോണ്‍ഗ്രസിനാവുകയും ചെയ്തു. കൂടാതെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവ അടക്കമുളള പരിഷ്കാരങ്ങളും ബിജെപിക്ക് തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭരണ നേട്ടം പറയുന്നതിന് പകരം രാഹുലിനെതിരായ പ്രചാരണവും വര്‍ഗീയ പ്രചാരണവും ആണ് ബിജെപി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു മുഖ്യ പ്രചാരകന്‍. അദ്ദേഹം പ്രചാരണം നടത്തിയ എല്ലായിടത്തും ശ്രീരാമനെയും ഹനുമാനേയും കൂട്ടുപിടിച്ചു. ഛത്തീസ്ഗഡ് ശ്രീരാമന്റെ ‘മാതാവിന്റെ വീടാണ്’ എന്നാണ് ആദിത്യനാഥ് പറഞ്ഞത്.

തെലങ്കാനയിലെ ദന്തകാരണ്യ വനത്തിലൂടെയാണ് രാമന്‍ കടന്നുപോയിട്ടുളളതെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. മധ്യപ്രദേശില്‍ പരശുരാമന് ബന്ധമുണ്ടെന്നായിരുന്നു പറഞ്ഞത്. രാജസ്ഥാനില്‍ ഹനുമാനെ വച്ചായിരുന്നു പ്രചാരണം. ഹനുമാന്‍ ആദിവാസി ദലിതനാണെന്ന് പറഞ്ഞ പ്രചാരണം വിവാദമായി.

ബിജെപി ഉണ്ടെങ്കില്‍ രാമരാജ്യം സ്ഥാപിക്കുമെന്നായിരുന്നു യോഗി പിന്നെ പറഞ്ഞത്. എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു രാജ്യം സ്ഥാപിക്കുമെന്നും എന്നാല്‍ തീവ്രവാദികള്‍ക്ക് ‘ബിരിയാണിക്ക് പകരം ബുളളറ്റ്’ ആയിരിക്കും നല്‍കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി നിലകൊളളുകയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ