scorecardresearch
Latest News

അതൃപ്തിയുമായി ആര്‍.എസ്.എസും സംസ്ഥാന നേതാക്കളും; സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി ദേശിയ നേതൃത്വം

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നദ്ദ അത‍ൃപ്തി പ്രകടിപ്പിച്ചതായി കേരളത്തിലെ നേതാക്കള്‍ അവകാശപ്പെട്ടു

K Surendran BJP
ഫൊട്ടോ: ഫെയ്സ്ബുക്ക്/ കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന കെ സുരേന്ദ്രനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കാന്‍ കേന്ദ്ര നേതൃത്വം മടിക്കുന്നെങ്കിലും, സംസ്ഥാന നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ ആര്‍.എസ്.എസ് ഘടകവും അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഇതെ തുടര്‍ന്ന് ഡല്‍ഹിയിലുള്ള സുരേന്ദ്രന് ദേശിയ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ബിജെപി സംസ്ഥാന യൂണിറ്റിന്റെ യോഗത്തില്‍ സുരേന്ദ്രനെ ക്ഷണിച്ചിരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേശന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ആര്‍.എസ്.എസിന്റെ അസംതൃപ്തിയെയാണ് ഇത് സൂചിപ്പിക്കുന്നത്. സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്ന സമയത്താണ് യോഗം നടന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിയന്‍ അറിയിച്ചു.

ജൂണ്‍ 16,17,18 തിയതികളില്‍ ബൂത്ത്, മണ്ഡലം തലത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കൊടകര കേസ് ബിജെപിയെ വേട്ടയാടനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമം ആണെന്ന വാദം ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും, നിരവധി നേതാക്കള്‍ സുരേന്ദ്രനെ നേതൃത്വത്തില്‍ നിന്ന് മറ്റണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്നുള്ളൊരു മാറ്റം കുറ്റം സമ്മതിക്കുന്നതിന് തുല്യമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം ഇന്ത്യന്‍ എക്സപ്രസ് തേടിയെങ്കിലും ലഭിച്ചില്ല.

Also Read: മൂന്നാം തരംഗം: ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍

“അടുത്തിടെ ഉണ്ടായ വിവാദങ്ങള്‍ അപക്വമായി സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്തതില്‍ സംഘ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സുരേന്ദ്രന് പിന്തുണ നല്‍കാനായാണ് ആര്‍.എസ്.എസിനെ കേസിലേക്ക് ഉള്‍പ്പെടുത്തുന്നതെന്ന് സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നു,” കേരളത്തില്‍ നിന്നുള്ള ഭാരവാഹി പറഞ്ഞു. ആര്‍.എസ്.എസിന്റെ വാര്‍ഷിക സമ്മേളനം ജൂണ്‍ 30-ാം തിയതിയാണ്. ഇത് നിലവിലെ നേതൃത്വത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്‍ ഇതിനോടകം തന്നെ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയേയും വിവിധ കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളിധരനും സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നദ്ദ അത‍ൃപ്തി പ്രകടിപ്പിച്ചതായി കേരളത്തിലെ നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ വിവാദങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം, ഭാവി കാര്യങ്ങള്‍ എന്നിവയാണ് സംസാരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp warns its kerala chief as state unit mounts pressure