കൊല്‍ക്കത്ത: ഊഹാപോഹങ്ങൾക്കു വിരാമിട്ടുകൊണ്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയും മകൻ ശുഭ്രാംശുവും തൃണമൂല്‍ കോൺഗ്രസിൽ തിരിച്ചെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടിയിൽ തിരിരിച്ചു ചേർന്നത്.
തൃണമൂല്‍ കോൺഗ്രസിൽ തിരികെ എത്തുന്നതിന്റെ മുന്നോടിയായി മുകുള്‍ റോയിയും മകനും കൊൽക്കത്തയിലെ തൃണമൂൽ ഭവനിലെത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും മറ്റു മുതിർന്ന നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്തു.
” മുകുൾ റോയ് ഇന്ന് തന്റെ വേരുകളിലേക്ക് മടങ്ങി. അദ്ദേഹത്തിന് ബിജെപിയിൽ പ്രവർത്തിക്കാനായില്ല. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ടിഎംസി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. തന്റെ മുൻ പാർട്ടിയിലേക്ക് മടങ്ങിയാണ് അദ്ദേഹം സമാധാനം കണ്ടെത്തിയത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാക്കിയെങ്കിലും പ്രവർത്തനത്തിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. തൃണമൂൽ കോൺഗ്രസിൽ നേരത്തെ വഹിച്ച ചുമതലയിൽ മുകുൾ തുടരും, ”മുകുൾ റോയിയെ പാർട്ടിയിലേക്കു സ്വീകരിച്ചശേഷം മമത ബാനർജി പറഞ്ഞു.
“എന്റെ മുൻ സഹപ്രവർത്തകരെ കാണുന്നത് നല്ലതായി തോന്നുന്നു. മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാൾ അതിന്റെ മഹത്വം പുനസ്ഥാപിക്കും. എന്തുകൊണ്ടാണ് ഞാൻ ബിജെപി വിട്ടത് എന്നതിനെക്കുറിച്ച് എഴുതി തയാറാക്കിയ പ്രസ്താവന പുറപ്പെടുവിക്കും. നിലവിലെ അവസ്ഥയിൽ ആർക്കും ബിജെപിയിൽ തുടരാനാവില്ല, ” മുകുൾ റോയ് പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് തകർപ്പൻ വിജയം നേടി ഒരു മാസത്തിനുശേഷമാണ് മുകുൾ റോയ് പാർട്ടിയിൽ തിരിച്ചെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ റോയ് കൃഷ്ണനഗർ നോർത്ത് സീറ്റിൽ വിജയിച്ചിരുന്നു.
ഒരിക്കല്‍ മമത ബാനര്‍ജിയുടെ ഉറ്റ സഹായിയായിരുന്ന മുകുള്‍ റോയ് 2017 ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ ആദ്യത്തെ വന്‍ നേതാവായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ഒരു കൂട്ടം തൃണമൂല്‍ എംഎല്‍എമാരെയും നേതാക്കളെയും പുറത്തുചാടാൻ പ്രേരിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മുകള്‍ റോയിയെ മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണു മുകുള്‍ റോയിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചത്.
ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മേധാവി ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും റോയിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച റോയിയെ ഫോണില്‍ വിളിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മേയ് പകുതി മുതല്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു മുകള്‍ റോയ്.
Also Read: കടൽക്കൊല കേസ്: ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി
മേയ് രണ്ടിനു തിരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ രാഷ്ടീയപരമായി വലിയ നിശബ്ദതയിലാണു മുകള്‍ റോയ്. ഇതിനിടെ, ബിജെപിയോടുള്ള അചഞ്ചലമായ വിശ്വസ്തത പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് മാത്രമാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്.