/indian-express-malayalam/media/media_files/uploads/2018/01/yechury.jpg)
ന്യൂഡല്‍ഹി: ശ്രീരാമന്റെയും അയ്യപ്പന്റേയും പേരില്‍ ബി.ജെ.പിയും സഖ്യകക്ഷികളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഗര്‍ത്തലയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. അവരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് രാമക്ഷേത്രത്തിന്റെ പേരില്‍ ആര്‍.എസ്.എസ് നടത്തുന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കേരളത്തില്‍ ശബരിമല വിഷയത്തില്‍ നടത്തുന്ന സമരങ്ങളന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
''ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധവും ശ്രീ രാമായണാ എക്‌സ്പ്രസുമെല്ലാം ബിജെപിയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണ്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്ലാം'' യെച്ചൂരി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ഇന്ന് നിലയ്ക്കലില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പെരുനാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
പൊലീസ് നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എട്ടംഗ സംഘം ഉച്ചയോടെയാണ് നിലയ്ക്കലില്‍ എത്തിയത്. ഇവരെ ഇലവുങ്കലില്‍ തടഞ്ഞ് പേരു വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പിന്നീട് സന്നിധാനത്ത് തങ്ങാന്‍ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും സംഘത്തെ പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കി. നോട്ടീസ് ഒപ്പിട്ടു നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.