ലക്‌നൗ: ഉത്തർ പ്രദേശിലെ ഉന്നാഓയിൽ ബി ജെ പി എം എൽ എയായ കുൽദീപ് സിങ് പീഡന കേസിൽ പ്രതിയായതിന് പിന്നാലെയാണ് പുതിയ വിവാദത്തിൽ ബി ജെ പി പുലിവാൽ പിടിച്ചിരിക്കുന്നത്. ഇത്തവണ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് പ്രസ്താവനകളിലൂടെ വിവാദനായകനായ സാക്ഷി മഹാരാജ് എം പിയാണ്.
ഉന്നാഓയിൽ എം എൽ എ പീഡനകേസിൽ പ്രതിയായ വിവാദം കത്തി നിൽക്കെ പുതിയ വിവാദത്തിന് തിരി കൊളുത്തി ബി ജെ പിയുടെ ഉന്നാഓയിൽ നിന്നുളള എം പി സാക്ഷി മഹാരാജ്. ലക്‌നൗലെ നിശാക്ലബ്ബ് സാക്ഷിമഹാരാജ് എം പി ഉദ്ഘാടനം ചെയ്തുവെന്ന വാർത്തയാണ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ബി ജെ പി നേതാവിന്റെ അടുത്തബന്ധുവിന്റേതാണെന്ന് പറയപ്പെടുന്ന ‘ലെറ്റസ് മീറ്റ്’ എന്ന പേരിലുളള ക്ലബ്ബാണ് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത് . റിബൺ മുറിച്ചായിരുന്നു ഉദ്ഘാടനം.അലിഗഞ്ച് പ്രദേശത്തുളള ജീത് പ്ലാസയിലെ രണ്ടാം നിലയിലാണ് നിശാ ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലെത്തിയാണ് സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവം വിവാദമായതോടെ കോപാകുലനായ സാക്ഷി മഹാരാജ് പൊലീസിൽ പരാതി നൽകി. ഈ ഉദ്ഘാടനത്തിന് ക്ഷണിച്ച ബി ജെ പി ഭാരവാഹിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. .
“യു പി സംസ്ഥാന പ്രസിന്റായിരുന്ന രജ്ജൻ സിങ് , അദ്ദേഹത്തിന്റെ മരുമകന്റെ റസ്റ്ററന്റ് എന്നാണ് എന്നോട് പറഞ്ഞത്” സാക്ഷി മഹാരാജ് പറഞ്ഞു. പിന്നാടാണ് ഇത് ബാറും നൈറ്റ് ക്ലബ്ബുമാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവം വിവാദമായതോടെ താൻ എം പി മാത്രമല്ല, ഒരു സാധു കൂടെയാണെന്നും അങ്ങനെയൊരാൾ ഇത്തരം കാര്യങ്ങളിൽ നിന്നും മാറിനിൽക്കേണ്ടതുണ്ടെന്നും ക്ലബ്ബിന്റെ ലൈസൻസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും, ബലാൽസംഗ കേസിൽ പ്രതിയായ ദേരാ സച്ചാ സൗദാ നേതാവിനെ കുറിച്ചുമുളള അഭിപ്രായ പ്രകടനങ്ങൾ ഇദ്ദേഹത്തെ നേരത്തെ തന്നെ വിവാദത്തിലെത്തിച്ചിരുന്നു.
സമാന സാഹചര്യത്തിൽ ബി ജെ പി കഴിഞ്ഞ വർഷവും വിവാദത്തിൽവീണിരിന്നു. മന്ത്രിയായ സ്വാതി സിങ്ങും ഒരു എം എൽ എയും തലസ്ഥാന നഗരത്തിൽ ബിയർ ബാർ ഉദ്ഘാടനം ചെയ്തതാണ് അന്ന് വിവാദത്തിന് വഴിയൊരുക്കിയിരുന്നത്.