കൊൽക്കത്ത: ഫെയ്സ്ബുക്കിനെ ഫേക്ക്ബുക്ക് ആക്കുകയാണ് ബിജെപിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാജ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. എന്‍റെ സര്‍ക്കാരിനെതിരെ നടക്കുന്ന ഈ ‘ഗൂഢാലോചന’ അനുവദിക്കില്ല. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാനായ് രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തു നിന്നും ആളുകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

കിഴക്കേ മിഡ്നാപ്പൂരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. “ബിജെപി ഫെയ്സ്ബുക്കിനെ ഫേക്ക്ബുക്ക് ആക്കി മാറ്റുകയാണ് എന്നത് വസ്തുതയാണ്. ബംഗാളിലെ ജനത അത് അംഗീകരിക്കില്ല. വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ഉപയോഗിച്ചാണ് അവര്‍ രാഷ്ട്രീയം നടപ്പിലാക്കുന്നത്. ‘ഫെയ്സ്ബുക്ക്’ ഞങ്ങള്‍ കണക്കിലെടുക്കാം ‘ഫേക്ക്ബുക്ക്’ എടുക്കില്ല. ബംഗ്ലാദേശിലെ കൊമില്ലയില്‍ നടന്നൊരു സംഭവത്തെ ബംഗാളില്‍ നടന്നതെന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ബിജെപി. സമാനമായാണ് ഭോജ്പുരി സിനിമയിലെ രംഗത്തെയും സംസ്ഥാനത്തു നടന്ന സംഭവം എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.

ബിജെപി ചിലപ്പോള്‍ കലാപങ്ങളുണ്ടാക്കുകയും അല്ലാത്തപ്പോള്‍ കുത്തിതിരിപ്പുണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇതാണ് അവരുടെ ഒരേയൊരു പ്രവര്‍ത്തി എന്ന് തോന്നുന്നു. ഇവിടെ അത്തരത്തിലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കുകയാണ്. അതിനായ് ഞങ്ങള്‍ ഒന്നായി തന്നെ നിലകൊള്ളും ” മമതാ ബാനര്‍ജി പറഞ്ഞു

Read More : പശ്ചിമബംഗാള്‍ വര്‍ഗീയകലാപം; 2002 ഗുജറാത്ത് കലാപത്തിന്‍റെ ഫൊട്ടോയുപയോഗിച്ച് ബിജെപി വക്താവിന്‍റെ വ്യാജവാര്‍ത്താപ്രചരണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ