ചെന്നൈ: ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.

“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്‌ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.

കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

ബാബറി മസ്‌ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.

ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook