സോഷ്യൽ മീഡിയ ഭീമന്മാരായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവായി കേന്ദ്രം ഭരിക്കുന്ന ബിജെപി. കഴിഞ്ഞ 18 മാസത്തെ കണക്ക് പരിശോധിച്ചാൽ ഫെയ്സ്ബുക്ക് പരസ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കിയത് ബിജെപിയാണ്. 4.61 കോടി രൂപയാണ് ബിജെപി പരസ്യത്തിനായി ഫെയ്സ്ബുക്കിന് നൽകിയത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 1.84 കോടി രൂപയും ഫെയ്സ്ബുക്ക് വഴിയുള്ള പ്രചരണങ്ങൾക്കും പരസ്യത്തിനുമായി നൽകി. 2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത്.
ഏറ്റവും വലിയ പരസ്യദാതാക്കളുടെ പട്ടികയെടുത്താൽ ആദ്യ പത്തിലുള്ള നാല് പരസ്യദാതാക്കളും ബിജെപിയുമായി ബന്ധമുള്ളവയാണെന്നും മനസിലാക്കാൻ സാധിക്കും. ഇതിൽ മൂന്നെണത്തിന്റെ മേൽവിലാസം ഡൽഹിയിലെ ബിജെപി ആസ്ഥാനമാണ്. രണ്ട് കമ്മ്യൂണിറ്റി പേജുകളും ഒരു ന്യൂസ് ആൻഡ് മീഡിയ വെബ്സൈറ്റും ബിജെപി നേതാവ് ആർകെ സിൻഹയുമായി ബന്ധമുള്ള ഒരു പേജും ഉൾപ്പെടുന്നു.
ബിജെപി മാത്രം 4.61 കോടി രൂപ ചെലവാക്കുന്നതിന് പുറമെ ബിജെപിയുമായി ബന്ധമുള്ള കമ്മ്യൂണിറ്റി പേജുകളായ ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’ 1.39 കോടി രൂപയും ‘ഭാരത് കി മൻ കി ബാത്ത്’ 2.24 കോടി രൂപയും പരസ്യ ഇനത്തിൽ ചെലവാക്കുന്നു. ‘നേഷൻ വിത്ത് നമോ’ എന്ന ന്യൂസ് ആൻഡ് മീഡിയ വെബ്സൈറ്റ് 1.28 കോടി രൂപയാണ് പരസ്യത്തിനായി നൽകുന്നത്. ആർകെ സിൻഹയുമായി ബന്ധപ്പെട്ട പേജ് 0.65 കോടി രൂപയും പരസ്യത്തിനായി ഫെയ്സ്ബുക്കിന് നൽകി.
ബിജെപിയുടെ പരസ്യ ചെലവുമായി ഇതുകൂടെ ചേർത്താൽ ആകെ 10.17 കോടി രൂപയാകും. ഇത് മൊത്തം പരസ്യത്തിന്റെ 64 ശതമാനം വരും. ലോക്സഭ തിരഞ്ഞെടുപ്പുൾപ്പടെ നടന്ന ഏപ്രിൽ-മെയ് മസങ്ങളുൾപ്പെടുന്ന കാലഘട്ടത്തിലാണ് ഇത്രയും തുക ഫെയ്സ്ബുക്ക് പരസ്യത്തിന് ബിജെപി ചെലവാക്കിയിരിക്കുന്നത്.
അതേസമയം ആം ആദ്മി പാർട്ടി ഉൾപ്പടെ മറ്റ് പ്രധാന പത്ത് പാർട്ടികൾ ചേർന്ന് 69 ലക്ഷം രൂപ മാത്രമാണ് ഫെയ്സ്ബുക്ക് പരസ്യത്തിന് നൽകിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തുവെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വിവാദം കത്തി നിൽക്കുമ്പോൾ തന്നെയാണ് പരസ്യവുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവരുന്നത്. ഇത് ഫെയ്സ്ബുക്കിന്റെ നടപടികളെ കൂടുതൽ വിമർശനത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്.