ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2023-ൽ കർണാടകയിൽ വളരെ സംഘടിതമായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിന്നുള്ള പാഠങ്ങൾ അതിനായി ഉപയോഗിക്കുമെന്നും , “ജാതി രാഷ്ട്രീയത്തെ ധാർമികമായ രാഷ്ട്രീയത്തിന് പരാജയപ്പെടുത്താൻ കഴിയുമെന്നും” ഹിന്ദുത്വ രാഷ്ട്രീയത്തെ ജനങ്ങൾ വലിയ രീതിയിൽ അംഗീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ ഹിന്ദുത്വ, ദേശീയത, വികസനം എന്നിവയിൽ അധിഷ്‌ഠിതമായ സമാന തന്ത്രങ്ങളാണ് ബിജെപി സ്വീകരിക്കുന്നതെന്നും ബൊമ്മെ പറഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രിമാരായ ശോഭ കരന്ദ്‌ലാജെ, പ്രഹ്ലാദ് ജോഷി, ബിജെപി ജനറൽ സെക്രട്ടറി സി ടി രവി എന്നിവരെ ആദരിക്കാൻ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബൊമ്മെ ഇക്കാര്യം പറഞ്ഞത്.
“യുപി തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തെ സംബന്ധിച്ച് ധാരാളം ചർച്ചകൾ ഉണ്ടായിരുന്നു, എന്നാൽ നേതാക്കൾ തമ്മിൽ എന്തുതന്നെ ചെയ്താലും, ജാതി അനാവശ്യമായി ഉപയോഗിച്ചാലും, വോട്ടെടുപ്പ് സമയത്ത് മാത്രം ഹിന്ദുത്വം ഉപയോഗിച്ചാലും ആളുകൾ വഴങ്ങില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവരെ ജാതി ജാതികൊണ്ട് വശീകരിക്കാൻ കഴിയില്ല അവർ ദേശീയവാദികളാണ്,” ബൊമ്മൈ പറഞ്ഞു.
“മോദിജിയുടെ പ്രശസ്തിയുടെ ബലവും നമുക്കുണ്ട്. നമ്മുടെ പദ്ധതികളുടെ കരുത്തും സംഘടനയുടെ കരുത്തും നമുക്കുണ്ട്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോയാൽ നമുക്ക് നല്ലൊരു ആഖ്യാനവും അജണ്ടയും ഉണ്ടാക്കിയെടുക്കാൻ കഴിയും. 2023ൽ നമുക്ക് നമ്മുടെ സ്വന്തം ശക്തിയിൽ അധികാരത്തിൽ വരാം. എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്, ബൊമ്മൈ പറഞ്ഞു.
യെദ്യൂരപ്പയുടെ അടുത്ത അനുയായിയും ഉത്തർപ്രദേശിലെ 82 മണ്ഡലങ്ങളുടെ ചുമതലയുമുണ്ടായിരുന്ന ശോഭ കരന്ദ്‌ലാജെക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകയിൽ വലിയ ചുമതലകൾ നൽകുമെന്ന് പരക്കെ സംസാരമുള്ളതായി ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു.
“അവർ മൂന്ന് മാസമായി യുപിയിലായിരുന്നു. കർണാടകയുടെ നഷ്ടം യുപിയുടെ നേട്ടമാകുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു,” ബൊമ്മൈ പരിഹസിച്ചു.
ജാതി രാഷ്ട്രീയത്തിന്റെ കോട്ടയാണ് യുപി. അവിടെ ജയിക്കാൻ ആത്മാർത്ഥത ആവശ്യമാണ്. ജാതി രാഷ്ട്രീയത്തെ ധാർമ്മികമായ രാഷ്ട്രീയം തോൽപിച്ചു. ഇത് മോദിജിയുടെയും യോഗിജിയുടെയും (യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്) നേട്ടമാണെന്നും വോട്ടെടുപ്പിൽ നിന്ന് വ്യക്തമാണെന്നും ബൊമ്മൈ പറഞ്ഞു.
“പല സമുദായങ്ങളും ഞങ്ങളുടെ പ്രത്യയശാസ്ത്രം അംഗീകരിച്ച് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുണ്ട്. ക്ഷമയും കഠിനാധ്വാനവും ഉറച്ച വിശ്വാസവുമാണ് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് കാരണമായത്. വർഷങ്ങളോളം പല സംസ്ഥാനങ്ങളിലും ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനായില്ല. അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ വീണ്ടും അധികാരത്തിലെത്താൻ കഴിയുന്നുണ്ട്,” ബൊമ്മൈ പറഞ്ഞു.
‘ഈ വിജയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെ വലിയ അടയാളമാണ്. ബി.ജെ.പി അധികാരത്തിൽ വന്ന നാല് സംസ്ഥാനങ്ങളും വളരെ വ്യത്യസ്തമാണ്, എന്നാൽ നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി ശക്തമായ വേരോട്ടം നടത്തിയിട്ടുണ്ട്. ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും നിലപാടിന്റെ തെളിവാണിതെന്നും ബൊമ്മൈ പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം കർണാടകയിലെ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയെയും ഇളയ മകൻ ബി വൈ വിജയേന്ദ്രയെയും പോലെയുള്ള നേതാക്കളുടെ ആഗ്രഹങ്ങളെ തകർത്തിട്ടുണ്ട്.
Also Read: തോൽവിയിൽ നടപടി; അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി തേടി സോണിയ
ലിംഗായത്തിന്റെ ശക്തനായ നേതാവായ യെദ്യൂരപ്പ, 2023 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മകനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള മോഹങ്ങൾ പ്രകടിപ്പിച്ചിരുന്നു, എന്നാൽ രാജവംശ രാഷ്ട്രീയം വോട്ടർമാർ ഇഷ്ടപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ പ്രധാനമന്ത്രി മോദിയും ബിജെപി നേതൃത്വവും സൂചിപ്പിച്ചു കഴിഞ്ഞു.
കർണാടകയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി വിജയേന്ദ്ര തിങ്കളാഴ്ച ഹുബ്ബാലിയിൽ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാറുമായി കൂടിക്കാഴ്ച നടത്തിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
“കുറച്ച് ദിവസം മുമ്പ് ഞാൻ വ്യക്തിപരമായ ഡൽഹിയിൽ പോയിരുന്നു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടി ദേശീയ അധ്യക്ഷൻ നദ്ദാജിയെ കാണുന്നത് സ്വാഭാവികമാണ്. അതിന് പ്രത്യേക അർത്ഥമൊന്നും കാണേണ്ടതില്ല,” താൻ ഡൽഹിയിൽ പോയത് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കാനാണെന്ന ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് വിജയേന്ദ്ര പറഞ്ഞു.
“മകനെ സംസ്ഥാന മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ യെദ്യൂരപ്പ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സത്യമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യെദ്യൂരപ്പ ഒരിക്കലും രാഷ്ട്രീയ പ്രതിഫലം പ്രതീക്ഷിച്ച് നിന്നിട്ടില്ല, അതുപോലെ ഞാനും വൈസ് പ്രസിഡന്റെന്ന നിലയിൽ പാർട്ടിക്കും സംഘടനയ്ക്കും വേണ്ടി മാത്രം പോരാടും, ”വിജയേന്ദ്ര ഹുബ്ബാലിയിൽ പറഞ്ഞു.