ചണ്ഡീഗഢ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി സ്വതന്ത്രരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്വതന്ത്രരെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇന്ന് അവകാശവാദമുന്നയിക്കാനാണ് സാധ്യത. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 സീറ്റുകളാണ്. 90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്.
Read Also: ഹരിയാന: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കുമെന്ന് സൂചന നല്‍കി അമിത് ഷാ
മികച്ച വിജയം നേടി ഖട്ടര്‍ സര്‍ക്കാരിനു തുടരാന്‍ സാധിക്കുമെന്ന ബിജെപി വിലയിരുത്തലിനാണ് ഹരിയാനയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കിയത്. കോണ്‍ഗ്രസ് 31 സീറ്റും ജെജെപി 10 സീറ്റും നേടി. ബിജെപിയുടെ നേട്ടം 40 ലേക്ക് ചുരുങ്ങി. ഒന്‍പതു പേരാണ് മറ്റു സീറ്റുകളില്‍ വിജയിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് സ്വതന്ത്രരെ തങ്ങള്‍ക്ക് അനുകൂലരായി മാറ്റാനുള്ള നീക്കമാണ് ബിജെപിയില്‍ നടക്കുന്നത്. നാല് സ്വതന്ത്രര്‍ ഡല്‍ഹിയിലെത്തി ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഐഎൻഎൽഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത.
അതേസമയം, ബിജെപി നീക്കങ്ങൾ നിരീക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ജെജെപിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിനുള്ളിലും നടക്കാൻ സാധ്യതയുണ്ട്. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ തയ്യാറെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ ഭൂപീന്ദർ സിങ് ഹൂഡ ഇക്കാര്യത്തിൽ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Read Also: ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം
അതേസമയം, ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നാണ് അമിത് ഷാ നല്‍കുന്ന സൂചന. ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിനും വീണ്ടും അവസരം നല്‍കിയതിനും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി ഷാ പ്രതികരിച്ചു.