ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായ ആഘോഷ പരിപാടികളോടെ നടത്താന്‍ ബിജെപി ഒരുങ്ങുന്നു. സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ആഘോഷ പരിപാടികള്‍ നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ‘ജനങ്ങളെ സേവിക്കാനുള്ള ആഴ്ച’ (സേവ സപ്താഹ്) എന്ന പേരിലാണ് ബിജെപി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത്.
Read Also: കശ്മീരിന്റെ ദുഃഖം നമ്മുടെയും ദുഃഖമാണ്: നരേന്ദ്ര മോദി
1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്സാനയിലെ വാദ്നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപ്പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ പങ്കുവച്ചിട്ടുണ്ട്.
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദിക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാരിന് തുടക്കമായി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിൽ വച്ചായിരുന്ന കഴിഞ്ഞ വർഷം ജന്മദിനാഘോഷം നടന്നത്.