ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് രാഷ്ട്രനിർമ്മാണത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും നിര്‍ണായക പങ്കുവഹിച്ച എഴുപത് വ്യക്തികളുടെ ചിത്രങ്ങള്‍ ഡല്‍ഹി അസംബ്ലിയില്‍ അനാച്ഛാദനം ചെയ്തത്. ഈ എഴുപതില്‍ ഒരു ചിത്രം വിവാദങ്ങൾക്ക് ഇടയാക്കി. ടിപ്പു സുല്‍ത്താന്‍റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അഷ്ഫഖുള്ള ഖാന്‍, ഭഗത് സിങ്, ബിര്‍സാ മുണ്ട, റാണി ചെന്നമ്മ, സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങി ഒട്ടനവധി പേരുടെ ചിത്രങ്ങളാണ് ഇതിലുള്ളത്. ഇതില്‍ ഓരോ ചിത്രങ്ങളും ഓരോ അസംബ്ലി മണ്ഡലത്തിനെ സൂചിപ്പിക്കുന്നതാണ്. പക്ഷെ അതില്‍ ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടുത്തി എന്നതാണ് ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പിന് കാരണം.

“എന്തിനാണ് വിവാദവ്യക്തിത്വമുള്ള ഒരാളെ ഉള്‍പ്പെടുത്തുന്നത് എന്ന് ഞാന്‍ അവരോട് (എഎപി) ചോദിച്ചു. പകരം ഡല്‍ഹിയില്‍ നിന്നുമുള്ള ആരെയെങ്കിലും ഉള്‍പ്പെടുത്തിയാല്‍ പോരെ ? എന്തിനാണ്‌ ഡല്‍ഹിക്കോ ഡല്‍ഹിയുടെ ചരിത്രത്തിനോ ഒരു വിധത്തിലുള്ള സംഭാവനയും നല്‍കാത്ത ഒരാളുടെ ചിത്രം വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് ? ” രാജോരി ഗാര്‍ഡനില്‍ നിന്നുമുള്ള ബിജെപി എംഎല്‍എ മഞ്ജിന്ദര്‍ സിങ് സിര്‍സ ആരാഞ്ഞു.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബിജെപിക്കാരനെയോ ആര്‍എസ്എസ് കാരനേയോ നിര്‍ദ്ദേശിക്കൂ എന്നായിരുന്നു ഈ വിമര്‍ശനത്തോട് എഎപിയുടെ പ്രതികരണം. “അവരുടെ പാര്‍ട്ടിയിലെയോ ആര്‍എസ്എസ്സിലെയോ ഏതെങ്കിലുമൊരു സ്വാതന്ത്ര്യസമരസേനാനിയെ നിര്‍ദ്ദേശിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. പക്ഷെ അവര്‍ക്ക് ഒരാളുടെ പേര് പോലും നിര്‍ദേശിക്കാനുണ്ടായില്ല” എഎപി എംഎല്‍എയും പാര്‍ട്ടി വക്താവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ബിജെപി നേതാക്കള്‍ എപ്പോഴും വിവാദങ്ങള്‍ നോക്കി നില്‍ക്കുകയാണ് എന്നായിരുന്നു സ്പീക്കര്‍ രാം നിവാസ് ഗോയലിന്‍റെ പ്രതികരണം. “ഇപ്പോള്‍ അവര്‍ ഒരു ചിത്രത്തെ ചൊല്ലി ടിപ്പു സുല്‍ത്താനെതിരെയാണ്. നമ്മുടെ ഭരണഘടനയുടെ 144-ാം പേജില്‍ ടിപ്പു സുല്‍ത്താന്‍റെ ചിത്രം ഉണ്ട് എന്നാണ് എനിക്കവരെ ഓര്‍മപ്പെടുത്താനുള്ളത്. അതായത് ഒന്നുകില്‍ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തതും രാജ്യത്തെ മോചിപ്പിക്കുവാനായി പോരാടിയവരും ഭരണഘടന എഴുതിയവരും രാജ്യദ്രോഹികളാണ്. അല്ലെങ്കില്‍ ബിജെപിക്കാര്‍ ദേശദ്രോഹികളാണ്. അവരിങ്ങനെയുള്ള നിലവാരം കുറഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ച് വികസനത്തിന്‍റെ രാഷ്ട്രീയത്തിലേക്ക് വരേണം.” രാം നിവാസ് ഗോയല്‍ പറഞ്ഞു.

ആറ് മാസം മുന്‍പാണ് ഇപ്പോള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ പണി ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ