ഹൈദരാബാദ്: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസിന് ഞെട്ടൽ. മുതിർന്ന കോൺഗ്രസ് നേതാവ് ദാമോദർ രാജനരസിംഹയുടെ ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന പദ്‌മിനി റെഡ്ഡി ബിജെപിയിൽ ചേർന്നു.
അവിഭക്ത ആന്ധ്രപ്രദേശിൽ എൻ കിരൺ കുമാർ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാജനരസിംഹയായിരുന്നു ഡപ്യൂട്ടി മുഖ്യമന്ത്രി. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യതയുളള കോൺഗ്രസ് നേതാക്കളിലൊരാളാണ് ഇദ്ദേഹം. പദ്മിനി റെഡ്ഡിയുടെ ചുവടുമാറ്റം കോൺഗ്രസിന് തിരിച്ചടിയായി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ലക്ഷ്‌മണാണ് പദ്മിനി റെഡ്ഡിക്ക് പൂച്ചെണ്ട് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപി ഗവൺമെന്റ് സ്ത്രീകൾക്ക് നൽകിയ സ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലക്ഷ്മൺ പ്രസംഗിച്ചത്. നിർമ്മല സീതാരാമന്റെ പ്രതിരോധ മന്ത്രി പദവും സുമിത്ര മഹാജന്റെ ലോക്സഭ അദ്ധ്യക്ഷ സ്ഥാനവും ഉദാഹരിച്ചായിരുന്നു സംസാരം.
എൻഡിഎ സർക്കാരിന്റെ മികച്ച പ്രവർത്തനത്തിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നാണ് പദ്‌മിനി റെഡ്ഡി പറയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇവരുടെ ചുവടുമാറ്റം ബിജെപിക്ക് നേട്ടമാണ്.
ടിആർഎസ് സർക്കാർ 2800 കോടി വായ്‌പ വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ചില്ലെന്നായിരുന്നു പദ്മിനിയുടെ ആദ്യത്തെ രാഷ്ട്രീയ ആക്രമണം.
കോൺഗ്രസിന്റെ പ്രചാരണ പത്രിക തയ്യാറാക്കുന്ന വിഭാഗത്തിന്റെ ചുമതലയാണ് ഇപ്പോൾ രാജനരസിംഹയ്ക്ക്. ഭിന്ന രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നാണ് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഡിസംബർ ഏഴിനാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 11 ന് വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടവും നിലവിൽ വന്നു.